കൊവിഡ് ഇനി മഹാമാരിയല്ല; ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന
ജനീവ : ലോകത്തെ അലട്ടിക്കൊണ്ടിരിക്കുന്ന കൊറോണയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയുടെ പരിധിയിൽ നിന്ന് ലോകാരോഗ്യ സംഘടന നീക്കം ചെയ്തു. ഇനി ലോകത്ത് കൊവിഡ് 19 ഒരു മഹാമാരി ആയിരിക്കില്ലെന്നും, ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിക്കുന്നെന്നും ഡബ്ലൂഎച്ച്ഒ അധ്യക്ഷന്‍ ടെഡ്രോസ് അഥാനോം പറഞ്ഞു. അടിയന്തര സമിതിയുടെ 15-ാമത് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ചെങ്കിലും കൊറോണ വൈറസ് ഇപ്പോഴും ഭീഷണിയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 2021 ജനുവരിയിൽ 100,000-ത്തിലധികമായിരുന്നു മരണനിരക്ക്. ഏപ്രിൽ 24 എത്തിയപ്പോഴേക്കും ഇത് 3,500 ആയി കുറഞ്ഞതായി അധികൃതർ പറഞ്ഞു. മഹാമാരിയിൽ കുറഞ്ഞത് ഏഴ് ദശലക്ഷം ആളുകൾ മരിച്ചുവെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ കൂട്ടിച്ചേർത്തു.
വൈറസ് ഇപ്പോഴും നമുക്കിടയിലുണ്ടെന്നും പുതിയ വകഭേദങ്ങളെ സൃഷ്ടിച്ച് ഇനിയും രോഗബാധയ്ക്ക് കാരണമായേക്കാമെന്നും അദ്ദേഹം പറഞ്ഞു. തെക്കുകിഴക്കൻ ഏഷ്യയിലും മധ്യപൂർവദേശത്തും ഉടലെടുക്കുന്ന പുതിയ ബാധകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. 2020 ജനുവരി 30നാണ് കൊവിഡിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുന്നത്.
