Ultimate magazine theme for WordPress.

ക്രിസ്തു എന്നും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ അത്താണി : റവ. ബാബു ജോൺ

ഡൽഹി : സമൂഹം അസ്പൃശ്യത കൽപ്പിച്ച് അകറ്റി നിർത്തിയിരുന്നവരെ മാറോട് ചേർത്തണച്ചതാണ് ക്രിസ്തുവിൻ്റെ സ്നേഹമെന്ന് റവ. ബാബു ജോൺ പ്രസ്താവിച്ചു. ഗ്രേയ്റ്റർ നോയിഡയിൽ നടന്നു കൊണ്ടിരിക്കുന്ന ഹാർവെസ്റ്റ് മിഷൻ ഫെസ്റ്റിവലിൻ്റെ നാലാം ദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തു സമൂഹം അകറ്റി നിർത്തുന്നവരോട് കൂടെയാണ് എക്കാലവും. സഭയുടെ ദൗത്യവും അവഗണിക്കപ്പെട്ടവരെ ചേർത്തുപിടിക്കുക എന്നതാണ്. എന്നാൽ ഈ ദൗത്യത്തിൽ നിന്നും സഭ പിന്നാക്കം പോയി എന്നത് ദുഃഖകരമാണ്. യേശുക്രിസ്തു സഭ പണിയുന്നത് നമ്മിലോരോരുത്തരിലൂടെയാണെന്നും അദ്ദേഹം ഉത്ബോധിപ്പിച്ചു. ഈ ചെറിയവരിൽ ഒരാൾക്ക് നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്ക് ചെയ്തു എന്നാണ് ക്രിസ്തു പക്ഷം. അതു ഉൾക്കൊള്ളാൻ ക്രിസ്തുശിഷ്യന്മാർക്ക് ആർദ്രതയുള്ള ഒരു ഹൃദയം ഉണ്ടാകണം.

ചേരികളിലേക്കും അശരണരുടേയും ആലംബഹീനരുടെയും സമീപത്തേക്കും നാം കടന്നു ചെല്ലേണ്ടിയിരിക്കുന്നു. പണം ഒരിക്കലും ശാശ്വതമായി നിലനിൽക്കുന്നതല്ല. ആരോഗ്യവും പണവും നഷ്ടപ്പെടുമ്പോൾ മരിച്ച മനുഷ്യരെപ്പോലെ നാം വിസ്മൃതിയിൽ ആണ്ടു പോകും. സഭ അഭിവൃദ്ധി പ്രാപിക്കുമ്പോഴാന്ന് നമുക്കെതിരെ ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകുന്നത്. സഭ ഒരു യുദ്ധക്കപ്പലിന് സമാനമാണ്. സഭ സമൂഹത്തിന് വേണ്ടി സദാ ജാഗരൂഗമായിരിക്കണം. അവരെ നന്മയിലേക്ക് നയിക്കാൻ ശ്രമിക്കുമ്പോൾ മറ്റ് മതങ്ങളെ പ്രകോപിപ്പിക്കരുത്. ആത്മഹത്യയിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും സാമ്പത്തിക പരാധീനതകളിൽ നിന്നുമൊക്കെ വ്യക്തികളെ രക്ഷിക്കേണ്ട ചുമതല നമുക്കാണ്. ഇതിനിടയിൽ ശത്രു കെട്ടുന്ന യെരിഹോ മതിലുകൾ ഇടിച്ചു കളയാനുള്ള ആത്മ നിയോഗം ദൈവം നമുക്ക് നൽകും. അതുകൊണ്ട് പാർശ്വവൽക്കരിക്കപ്പെട്ടവരെ ഉയർത്തിയെടുക്കാനുള്ള ശ്രമം നാം തുടർന്നുകൊണ്ടിരിക്കണമെന്ന് അദ്ദേഹം സദസിനെ ഓർമ്മിപ്പിച്ചുകൊണ്ടാണ് പ്രസംഗം ഉപസംഹരിച്ചത്. പാസ്റ്റർ സിജു മൊഴിമാറ്റം നടത്തി. ഞായറാഴ്ച നടക്കുന്ന ആരാധനയോടും കോളജിൻ്റെ ബിരുദദാന സമ്മേളനത്തോടും കൂടി ഹാർവെസ്റ്റ് ഫെസ്റ്റിവൽ അവസാനിക്കും.

Leave A Reply

Your email address will not be published.