വാഗഡുഗു: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയില്‍ ഒരാഴ്ച മുൻപ് സായുധ ഗ്രൂപ്പുകള്‍ മൂന്ന് ഗ്രാമങ്ങള്‍ ആക്രമിച്ച് 170 പേരെ വധിച്ചു. യാതെംഗ പ്രവിശ്യയിലെ കോംസില്ഗ, നോർഡിൻ, സോറോ ഗ്രാമങ്ങളില്‍ ഫെബ്രുവരി 25നാണ് ആക്രമണമുണ്ടായതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അലി ബഞ്ചമിൻ കൂലിബാളി അറിയിച്ചു.
അന്വേഷണം ആരംഭിച്ചുവെന്നും അന്വേഷകരെ സഹായിക്കാൻ സാക്ഷികള്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഏതു ഗ്രൂപ്പാണ് ആക്രമണം നടത്തിയതെന്നു വ്യക്തമായിട്ടില്ല.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് തീവ്രവാദികള്‍ വടക്കുകിഴക്കൻ ബുർക്കിനാ ഫാസോയിലെ കത്തോലിക്കാപ്പള്ളിയില്‍ ഞായറാഴ്ച കുർബാനയ്ക്കിടെ നടത്തിയ ആക്രമണത്തില്‍ 15 വിശ്വാസികള്‍ കൊല്ലപ്പെട്ടിരുന്നു. അന്നു തന്നെ കിഴക്കൻ ബുർക്കിനാ ഫാസോയിലെ മോസ്കിലുണ്ടായ ആക്രമണത്തില്‍ ഡസൻകണക്കിന്നു പേരും കൊല്ലപ്പെട്ടു. 2022 മുതല്‍ പട്ടാളം ഭരിക്കുന്ന ബുർക്കിനാ ഫാസോയുടെ മൂന്നിലൊന്നും സായുധ സംഘങ്ങളുടെ നിയന്ത്രണത്തിലാണ്.
