അസ്ട്രാസെനക വാക്‌സിന്‍ സുരക്ഷിതമെന്ന് ബ്രിട്ടിഷ് ഏജന്‍സി
ലണ്ടന്‍: ഓക്‌സ്‌ഫോഡും അസ്ട്രാസെനകയും ചേര്‍ന്നു വികസിപ്പിച്ചതും ഇന്ത്യയില്‍ കോവിഷീല്‍ഡ് എന്ന പേരില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്നതുമായ കൊവിഡ് വാക്‌സിന്‍ ഫലപ്രദവും സുരക്ഷിതവുമെന്ന് ബ്രിട്ടനിലെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രോഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി (എം.എച്ച്.ആര്‍.എ).
ബ്രിട്ടനില്‍ വാക്‌സിന്‍ സ്വീകരിച്ച 181 ലക്ഷം പേരില്‍ രക്തം കട്ടപിടിക്കുന്ന സങ്കീര്‍ണാവസ്ഥയുണ്ടായത് 30 പേരിലാണെന്നും അവരില്‍ ഏഴു പേര്‍ മരിച്ചെന്നും ഏജന്‍സി അറിയിച്ചു. മാര്‍ച്ച് 24 വരെയുള്ള കണക്കു പ്രകാരമാണിത്. ഈ മരണങ്ങള്‍ക്കു കാരണമായത് വാക്‌സിനാണെന്നതിനു തെളിവില്ലെന്നും ഏജന്‍സി ചൂണ്ടിക്കാട്ടുന്നു.
വാക്‌സിന്‍ എടുക്കാതിരിക്കുമ്പോഴുള്ള അപകടസാധ്യതയെക്കാള്‍ കൂടുതലാണ് കുത്തിവെയ്പ്പ് എടുത്താലുള്ള ഗുണങ്ങളെന്നാണ് എം.എച്ച്.ആര്‍.എ പറയുന്നത്. രക്തം കട്ടപിടിച്ച സംഭവങ്ങളെക്കുറിച്ച് വിശകലനം തുടരും. ഫൈസര്‍ബയോണ്‍ടെക് വാക്‌സീന്‍ സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അധികൃതര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
