ലണ്ടൻ: തീവ്രവലതുപക്ഷ വാദികൾ യുകെയുടെ വിവിധ ഭാഗങ്ങളിലായി നടത്തിയ കുടിയേറ്റ വിരുദ്ധ കലാപത്തിൽ നൂറോളം പേരെ അറസ്റ്റ് ചെയ്തു. വടക്കുപടിഞ്ഞാറൻ ലണ്ടനിലെ സൗത്ത്‌പോർട്ടിൽ പതിനേഴുവയസുകാരന്റെ കുത്തേറ്റ് മൂന്ന് പെൺകുട്ടികൾ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു.
ഇതിന്റെ പിന്നിലെ ആക്രമി മുസ്ലീം കുടിയേറ്റക്കാരനാണെന്നപ്രചാരണത്തെ തുടർന്ന് സൗത്ത്‌പോർട്ടിലെ മസ്‌ജിദ് ആക്രമിച്ച കലാപകാരികൾ കടകൾക്ക് തീവയ്ക്കുകയും പൊലീസിനെ കല്ലെറിയുകയും ചെയ്തു. ഇംഗ്ലീഷ് ഡിഫൻസ് ലീഗ് എന്ന തീവ്രദേശീയ സംഘടനയാണ് കലാപത്തിന് നേതൃത്വം നൽകുന്നത്.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് അസ്വാരസ്യങ്ങൾ പടർന്നതോടെ പ്രധാനമന്ത്രി കെയ്‌ർ സ്റ്റാർമർ കലാപം പ്രതിരോധിക്കുന്ന പൊലീസിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു. സമാധാനം തകർക്കുന്ന കലാപകാരികൾ വലിയ വില നൽകേണ്ടി വരുമെന്ന് യുകെ ഹോം സേക്രട്ടറി യുവെറ്റ് കൂപ്പറും പ്രതികരിച്ചു
