Ultimate magazine theme for WordPress.

രാജ്യത്ത് 5424 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചു; കേരളമുള്‍പ്പടെ 18 സംസ്ഥാനങ്ങളില്‍ രോഗബാധിതരെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്ത് 18 സംസ്ഥാനങ്ങളില്‍ അയ്യായിരത്തിലധികം പേര്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പത്തിലേറെ സംസ്ഥാനങ്ങളില്‍ ബ്ലാക്ക് ഫംഗസ് പകര്‍ച്ച വ്യാധിയായി പ്രഖ്യാപിച്ചു. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൊവിഡ് സ്ഥിതി വിലയിരുത്താനുള്ള 27-ാമത് മന്ത്രിതല യോഗം പുരോഗമിക്കുകയാണ്.

കേരളമുള്‍പ്പടെ 18 സംസ്ഥാനങ്ങളിലായി 5424 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചു എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചത്. രോഗം സ്ഥിരീകരിച്ച 4556 പേര്‍ കൊവിഡ് സ്ഥിരീകരിച്ചവരാണ്. 55 ശതമാനം പേര്‍ പ്രമേഹ രോഗികളാണെന്നും ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. നേരത്തെ കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ പുറത്തുവിട്ട കണക്ക് പ്രകാരം എണ്ണായിരത്തിലധികം പേര്‍ക്ക് ഫംഗസ് ബാധിച്ചിരുന്നു. ഗുജറാത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചത്.

ഗുജറാത്തില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച 17 വയസ്സുകാരന് രോഗം ഭേദമായി. ഉത്തരാഖണ്ഡ്, ബിഹാര്‍, രാജ്സ്ഥാന്‍ ഉള്‍പ്പടെ 10 സംസ്ഥാനങ്ങള്‍ ബ്ലാക്ക് ഫംഗസ് പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു. ബ്ലാക്ക് ഫംഗസ് ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന ആംഫോട്ടെറിസിന്റെ ഉത്പാദനം 250 ശതമാനം കൂട്ടാനുള്ള ശ്രമത്തിലാണ് കേന്ദ്രം.

Sharjah city AG