പുടിനുമായി ചർച്ചക്ക് തയാറെന്ന് ബൈഡൻ
വാഷിങ്ടൺ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കണമെന്ന ആത്മാർഥമായ ആഗ്രഹം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുണ്ടെങ്കിൽ അദ്ദേഹവുമായി കൂടിക്കാഴ്ചക്ക് ഒരുക്കമാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം മാധ്യമപ്രവർത്തകരെ കണ്ട ബൈഡൻ ഇതുവരെ പുടിൻ ഈ കാര്യത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. റഷ്യയുടെ അധിനിവേശത്തിനെതിരായ നിലപാട് തങ്ങൾ തുടരുമെന്നും ഇരുവരും ആവർത്തിച്ചു. അതേസമയം, ഇത്തരം താൽപര്യങ്ങൾ ലക്ഷ്യമിട്ടുള്ള ചർച്ചകൾക്ക് പുടിൻ ഒരുക്കമാണെന്ന് ക്രെംലിൻ അറിയിച്ചു. എന്നാൽ, യു.എസ് വ്യവസ്ഥകൾ അപ്പാടെ അംഗീകരിക്കാൻ റഷ്യ തയാറല്ലെന്നും വക്താവ് ദിമിത്രി പെസ്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അവർക്ക് സ്വീകാര്യമല്ലാത്തതൊന്നും അംഗീകരിച്ചുള്ള വിട്ടുവീഴ്ചക്ക് യുക്രെയ്നിയക്കാരെ ഒരിക്കലും പ്രേരിപ്പിക്കില്ലെന്ന് ബൈഡനും താനും ധാരണയിലെത്തിയതായി മാക്രോൺ വ്യക്തമാക്കി.
