Ultimate magazine theme for WordPress.

സ്കൂളുകളിൽ മൊബൈൽ ഫോൺ നിരോധിക്കാൻ യുകെ; നിയമം ലംഘിക്കുന്ന വിദ്യാർഥികൾക്ക് തടവ്

 

ലണ്ടൻ ∙ രാജ്യത്തെ എല്ലാ സ്കൂളുകളിലും മൊബൈൽ ഫോൺ നിരോധിക്കാനൊരുങ്ങി യുകെ. വിദ്യാർഥികളുടെ പെരുമാറ്റവും ശ്രദ്ധയും മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് തീരുമാനം. ക്ലാസ് മുറികളിൽ വിദ്യാര്‍ഥികൾ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനും പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് തീരുമാനമെന്നു സർക്കാർ അറിയിച്ചു.

‘‘സ്കൂളുകൾ കുട്ടികൾക്കു പഠിക്കാനുള്ള സ്ഥലമാണ്. മൊബൈൽ ഫോണുകൾ കാരണം ക്ലാസ് മുറിയിൽ അനാവശ്യമായ അശ്രദ്ധയാണ് കുട്ടികൾക്കുണ്ടാകുന്നത്. രാജ്യത്തുടനീളം എല്ലാ ക്ലാസ് മുറികളിലും ഈ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള മാർഗനിർദേശവും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. എല്ലാ സ്കൂളുകളും ദിവസം മുഴുവനും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു നിരോധിക്കണം. ക്ലാസ് സമയങ്ങളിൽ മാത്രമല്ല, ഇടവേളകളിലും ഉച്ചഭക്ഷണ സമയങ്ങളിലും നിരോധനം ഉറപ്പാക്കണം. വിദ്യാർഥികൾക്ക് അവരുടെ മൊബൈൽ ഫോൺ വീട്ടിൽ വയ്ക്കാൻ ആവശ്യപ്പെടുന്ന തരത്തിൽ സമ്പൂർണ നിരോധനമാകാം. അല്ലെങ്കിൽ സ്കൂളിൽ എത്തുമ്പോൾ ജീവനക്കാരെ ഏൽപ്പിക്കണം. ഇതുമല്ലെങ്കിൽ ഫോണുകൾ സുരക്ഷിതമായ സ്റ്റോറേജിൽ സൂക്ഷിക്കാനുള്ള അവസരമൊരുക്കണം. ഒരിക്കലും ഉപയോഗിക്കില്ല എന്ന വ്യവസ്ഥയിൽ ഫോൺ കൈയ്യെത്തും ദൂരത്ത് സൂക്ഷിക്കാനുള്ള അവസരം നൽകാമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കി.

നിയമങ്ങൾ ലംഘിക്കുന്ന വിദ്യാർഥികളെ തടങ്കലി‍ൽ വയ്ക്കുകയോ ഫോൺ കണ്ടുകെട്ടുകയോ ചെയ്യാം. മൊബൈൽ ഫോണുകൾ ഒഴിവാക്കുന്നതു കുട്ടികളെയും യുവാക്കളെയും കൂടുതൽ സമയം സജീവമാക്കാനും സമപ്രായക്കാരുമായി മുഖാമുഖം ഇടപഴകാനും സഹായിക്കും. ഇത് അവരുടെ മാനസികാരോഗ്യത്തെ സഹായിക്കുമെന്നു വിശ്വസിക്കുന്നതായും സർക്കാർ പറയുന്നു.

Leave A Reply

Your email address will not be published.