Ultimate magazine theme for WordPress.

മധ്യപ്രദേശിലെ കത്തോലിക്കാസഭ സ്‌കൂളിന് നേരെ ബജ്‌രംഗ്ദൾ, വിഎച്ച്പി ആക്രമണം

ഭോപ്പാൽ: മധ്യപ്രദേശിലെ കത്തോലിക്കസഭ സ്‌കൂളിന് നേരെ ബജ്‌രംഗ്‌ദൾ, വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകരുടെ ആക്രമണം. വിദിഷ ജില്ലയിലെ സെന്റ്. ജോസഫ് സ്‌കൂളിന് നേരെയാണ് ആക്രമണം. മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് സ്‌കൂൾ ആക്രമിച്ചത്. സംഭവത്തിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും മറ്റുള്ളവരെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടക്കുകയായിരുന്ന സ്‌കൂളിന് മുന്നിൽ പ്രതിഷേധവുമായി എത്തിയ 300 ഓളം പേർ സ്കൂളിലേക്ക് അതിക്രമിച്ചു കടന്ന് ആക്രമണം നടത്തുകയായിരുന്നു. കമ്പി വടികളും കല്ലുകളുമായി ‘ജയ് ശ്രീറാം’ വിളിച്ചുകൊണ്ടായിരുന്നു ആക്രമണമെന്ന് പ്രിൻസിപ്പൽ ഫാദർ ആന്റണി പറഞ്ഞു. നേരത്തെ സംരക്ഷണം ആവശ്യപ്പെട്ടപ്പോൾ പ്രതിഷേധക്കാർ മുദ്രാവാക്യവും വിളിച്ചു സമാധാനപരമായി പിരിഞ്ഞുപോകുമെന്നാണ് പൊലീസ് പറഞ്ഞതെന്നും ആക്രമികൾ പോയ ശേഷമാണ് പൊലീസ് സ്ഥലത്ത് എത്തിയതെന്നും പ്രിൻസിപ്പൽ ആരോപിച്ചു. എന്നാൽ ആരോപണം നിഷേധിച്ച പൊലീസ്, സമാധാനപരമായി പോകേണ്ട പ്രതിഷേധത്തിനിടയിൽ ചിലർ അവസരം മുതലാക്കി സ്‌കൂളിന് നേരെ കല്ലെറിയുകയായിരിന്നു എന്ന് പറഞ്ഞു. ആദ്യം സംരക്ഷണം നൽകിയില്ലെങ്കിലും ആക്രമണത്തിനു ശേഷം ഉടൻ തന്നെ നാല് പേരെ കസ്റ്റഡിയിൽ എടുത്തതായി വ്യക്തമാക്കി. മാരകായുധങ്ങളുമായി കലാപമുണ്ടാക്കൽ, നാശനഷ്ടം ഉണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദിഷ എസ്പിയും ജില്ലാ മജിസ്‌ട്രേറ്റും സ്‌കൂളിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഭോപ്പാൽ കേന്ദ്രികരിച്ചുള്ള മലബാർ മിഷനറി സൊസൈറ്റി ഓഫ് അസ്സിസി പ്രൊവിൻസിന് കീഴിൽ 11 വർഷം മുൻപാണ് സെന്റ്. ജോസഫ് സ്‌കൂൾ സ്ഥപിച്ചത്. ഏകദേശം 1500 വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളിലെ കൂടുതൽ വിദ്യാർത്ഥികളും ഹിന്ദുക്കളാണ്.

Leave A Reply

Your email address will not be published.