രാജ്യത്ത് ഒമിക്രോണിന്‍റെ ബിഎ.4 ഉപവകഭേദം; സ്ഥിരീകരിച്ചത് ഹൈദരാബാദിൽ
ഹൈദരാബാദ്: രാജ്യത്ത് ആദ്യമായി ഒമിക്രോണിന്‍റെ ബിഎ.4 (BA.4) ഉപവകഭേദം സ്ഥിരീകരിച്ചു. മെയ് ഒമ്പതിന് ഹൈദരാബാദിലാണ് ബിഎ4 സബ്‌വേരിയന്‍റിന്‍റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്‌തത്. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ഡോക്‌ടറിലാണ് ഒമിക്രോൺ ഉപവകഭേദം സ്ഥിരീകരിച്ചത്. ഇന്ത്യൻ സാർസ് കോവ്-2 കൺസോർഷ്യം ഓൺ ജീനോമിക്‌സ് (INSACOG) വ്യാഴാഴ്‌ചയാണ് (മെയ് 19) വിവരം പുറത്ത് വിട്ടത്. വ്യാപനശേഷി കൂടുതലായതിനാൽ രാജ്യത്തെ മറ്റിടങ്ങളിലുംഈ ഉപവകഭേദം റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും മെഡിക്കൽ റിസർച്ച് കൗൺസിൽ ഓഫ് ഇന്ത്യയിലെ ശാസ്‌ത്രജ്ഞർ പറയുന്നു.
ദക്ഷിണാഫ്രിക്കയിലെ കോവിഡ് കേസുകളുടെ വർധനവിന് കാരണമായ രണ്ട് ഒമിക്രോൺ ഉപവകഭേദങ്ങളിൽ ഒന്നാണ് ബിഎ.4. നേരത്തെ കേവിഡ് ബാധിച്ചവരിലും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരിലും ഈ ഉപവകഭേദം കണ്ടെത്തിയിട്ടുണ്ട്. ഒമിക്രോണിനെക്കാൾ അപകടകാരിയല്ലെങ്കിലും ബിഎ.4 ഉപവകഭേദം കൂടുതൽ വ്യാപനശേഷിയുള്ളതാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. രാജ്യത്തെ വാക്‌സിൻ വിതരണം ദ്രുതഗതിയായതിനാൽ ബിഎ.4 വലിയ രീതിയിൽ ബാധിക്കില്ലെന്നാണ് വിലയിരുത്തുന്നത്.
