പുതിയ ക്രൈസ്തവ സഭകള്‍ക്ക് നിരോധനമേർപ്പെടുത്തി അധികാരികൾ
ദുഷാന്‍ബെ:തജിക്കിസ്ഥാനില്‍ പുതിയ ദൈവസഭകള്‍ക്ക് നിരോധനമെന്ന് അധികാരികള്‍. 15 പ്രൊട്ടസ്റ്റന്റ് ഗ്രൂപ്പുകളാണ് ആരാധനാലയങ്ങള്‍ക്കായി പുതിയ രജിസ്ട്രേഷനുവേണ്ടി സര്‍ക്കാരിനെ സമീപിച്ചത്. ഇസ്ളാമിക ഏകാധിപത്യ രാഷ്ട്രമായ തജിക്കിസ്ഥാനില്‍ പുതിയ ആരാധനാലയങ്ങള്‍ക്കും ആത്മീക കൂട്ടായ്മകള്‍ക്കും രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കില്ലെന്ന് റിലിജിയസ് അഫയേഴ്സ് ആന്‍ഡ് റഗുലേഷന്‍ ഓഫ് ട്രെഡീഷന്‍സ് സ്റ്റേറ്റ് അദ്ധ്യക്ഷന്‍ സുലൈമാന്‍ ദവളസോഡ പ്രൊട്ടസ്റ്റന്റ് സഭാ നേതാക്കളെ അറിയിച്ചു. രാജ്യത്ത് ഔദ്യോഗികമായി അംഗീകരിച്ച ക്രിസ്ത്യന്‍ സമൂഹം ഓര്‍ത്തഡോക്സ് സഭയാണ്. ഇവര്‍ സുവിശേഷപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്തതിനാല്‍ സര്‍ക്കാരിന്റെ കണ്ണില്‍ നല്ല ക്രൈസ്തവ സഭയാണ്. എന്നാല്‍ പ്രോട്ടസ്റ്റന്റ് സഭകളില്‍ സുവിശേഷ പ്രവര്‍ത്തനങ്ങളും മറ്റും നടക്കുന്നതിനാല്‍ നിരവധി മുസ്ളീങ്ങളാണ് രക്ഷിക്കപ്പെട്ട് കര്‍ത്തൃസന്നിധിയില്‍ വരുന്നത്. ഇതിനെത്തുടര്‍ന്നാണ് രാജ്യത്ത് ക്രൈസ്തവ സഭകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. തജിക്കിസ്ഥാനിലെ ജനസംഖ്യയില്‍ 98 ശതമാനവും മുസ്ളീങ്ങളാണ്. 18 വയസില്‍ താഴെയുള്ളവര്‍ ചര്‍ച്ചുകളിലോ ആരാധന സംബന്ധിച്ച കൂട്ടായ്മകളിലോ പങ്കെടുക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ രജിസ്ട്രേഷനുള്ള സഭകള്‍ക്കുള്ള സംരക്ഷണം മാറ്റമില്ലാതെ തുടരും എന്നു അധികാരികൾ അറിയിച്ചതായി ക്രൈസ്തവ നേതാക്കള്‍ പറഞ്ഞു. ഏതെങ്കിലും സഭ നിയമം ലംഘിച്ചാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും അധികാരികൾ അറിയിച്ചു.
