ന്യൂഡല്‍ഹി: അറബിക്കടലില്‍ ലൈബീരിയന്‍ കപ്പല്‍ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ഇന്ത്യന്‍ നാവികസേന തടഞ്ഞു. യുകെഎംടിഒ പോര്‍ട്ടിലേയ്ക്കാണ് കപ്പലില്‍ നിന്ന് സന്ദേശം ലഭിച്ചത്. ഉടന്‍ തന്നെ നാവികസേന രംഗത്തെത്തുകയായിരുന്നു. നാവികസേന വിമാനങ്ങള്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിരുന്നു.
ഐഎന്‍എസ് ചെന്നൈ ആണ് വിദേശ കപ്പലിനെ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് സഹായിക്കാനായി ഉപയോഗിച്ചത്. ഇന്ന് രാവിലെയാണ് വിമാനങ്ങള്‍ കപ്പലിന് മുകളിലൂടെ പറന്നത്. ഇതോടൊപ്പം കപ്പലിലുള്ളവരുടെ സുരക്ഷ ഉറപ്പാക്കാനായി നിരന്തരം അവരുമായി ആശയ വിനിമയവും നടത്തി. പ്രദേശത്തെ മറ്റ് ഏജന്‍സികളുമായി ഏകോപിപ്പിച്ച് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും നാവികസേന അറിയിച്ചു.
രാജ്യത്തെത്തുന്ന വിദേശ രാജ്യങ്ങളുടെ വ്യാപാര കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യന്‍ നാവികസേന പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ അറിയിച്ചു. അമേരിക്കന്‍ നാവികസേനയുടെ കണക്ക് പ്രകാരം നവംബര്‍ മുതല്‍ ചെങ്കടല്‍ പ്രദേശത്ത് ഏകദേശം രണ്ട് ഡസനോളം വ്യാപാര കപ്പലുകള്‍ ആക്രമിക്കപ്പെട്ടു. ഈ ആക്രമണങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ നാവിക സേന ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലും വിന്യാസം വര്‍ധിപ്പിച്ചിട്ടുണ്ട്.
നാവിക സേനയുടെ വിമാനങ്ങളും പ്രദേശത്ത് തുടര്‍ച്ചയായി നിരീക്ഷണം നടത്തുന്നുണ്ട്. ഇതോടൊപ്പം യുദ്ധക്കപ്പലുകളില്‍ വിന്യസിച്ചിരിക്കുന്ന മറൈന്‍ കമാന്‍ഡോകളും ഗള്‍ഫ് ഒഫ് ഏദന് സമീപം കപ്പലുകള്‍ നിര്‍ത്തി പരിശോധനകള്‍ നടത്തുന്നുണ്ട്.
