തിരുവനന്തപുരം: ഈരാറ്റുപേട്ടയില്‍ പള്ളിയിലെ സഹവികാരിയെ ആക്രമിച്ച സംഭവം ഏറ്റവും നിന്ദ്യമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വിഭാഗത്തെ മാത്രം പ്രതി ചേർത്തെന്ന ഹുസൈൻ മടവൂരിന്റെ ആരോപണത്തിന് മറുപടിയായി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. . ന്യൂനപക്ഷവിഭാഗങ്ങളുമായുള്ള മുഖാമുഖത്തിന്റെ ആദ്യഘട്ടത്തിലെ ആശയവിനിമയത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വൈദികന് നേരെ വണ്ടി കയറ്റിയെങ്കിലും അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. ചെറുപ്പക്കാരുടെ സംഘമെന്ന് പറയുമ്പോൾ ഇവിടെ എല്ലാവരും മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. അല്ലാതെ, ചെറുപ്പക്കാരുടെ കൂട്ടത്തിലുള്ള മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരെ മാത്രം തിരഞ്ഞുപിടിച്ചതല്ല.
ഹുസൈൻ മടവൂരിനെ പോലെ വലിയ സ്ഥാനത്ത് ഇരിക്കുന്നവർ തെറ്റായ ധാരണകള്‍ വച്ചുപുലർത്തരുതെന്നും ശരിയായ ധാരണകളില്‍ കൂടി മാത്രമേ കാര്യങ്ങള്‍ അവതരിപ്പിക്കാൻ തയ്യാറാകാവൂ എന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. പോലീസിന്റെ ഭാഗത്ത് ചിലപ്പോള്‍ തെറ്റുണ്ടാകാം. തെറ്റുകളുണ്ടെങ്കില്‍ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ നടപടിയെടുക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പൂഞ്ഞാർ സെയ്ന്റ് മേരിസ് ഫൊറോനാ പള്ളി സഹവികാരി ഫാ. ജോസഫ് ആറ്റുച്ചാലിനെ വാഹനം ഇടിപ്പിച്ചകേസില്‍ 27 പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ മതവിദ്വേഷം പ്രചരിപ്പിച്ച രണ്ടുപേർക്കെതിരേയും പോലീസ് കേസെടുത്തിരുന്നു. അറസ്റ്റിലായ 27 പേരില്‍ 10 പേർ പ്രായപൂർത്തിയാകാത്തവരായിരുന്നു.