ലബോറട്ടറിയിൽ തയ്യാറാക്കിയ കൃത്രിമ രക്തം മനുഷ്യശരീരത്തിൽ പരീക്ഷിച്ചു
യുകെ: ചരിത്രത്തിലാദ്യമായി ലബോറട്ടറിയിൽ തയ്യാറാക്കിയ കൃത്രിമ രക്തം മനുഷ്യശരീരത്തിൽ പരീക്ഷിച്ചു. യുകെയിലെ കേംബ്രിഡ്ജ്, ബ്രിസ്റ്റോൾ സർവ്വകലാശാലകളിലെ ശാസ്ത്രജ്ഞരുടെ പത്ത് വർഷത്തെ ഗവേഷണഫലമായാണ് കൃത്രിമ രക്തം നിർമ്മിച്ചത്. എൻ.എച്ച്.എസ്.ബ്ലഡ് ആൻഡ് ട്രാൻസ്പ്ലാൻ്റിലെ ഗവേഷകരും പരീക്ഷണത്തിൽ പങ്കെടുത്തു. പരീക്ഷണത്തിന് സന്നദ്ധരായ രണ്ടുപേരിൽ ഏതാനും സ്പൂൺ രക്തം കുത്തിവച്ചു. പത്തു പേരിലാണ് പ്രാഥമികപരീക്ഷണം നടത്തുന്നത്.
പരീക്ഷണ കുത്തിവെയ്പ് എടുത്തവരിൽ പാർശ്വഫലങ്ങൾ ഒന്നും കണ്ടില്ല എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. പരീക്ഷണം വിജയിക്കുകയാണെങ്കിൽ മനുഷ്യ ചരിത്രത്തിലെ വലിയ നേട്ടമായിരിക്കും ഇത്. ഒരു വ്യക്തിയിൽ നിന്ന് 470 മില്ലിഗ്രാം രക്തമെടുക്കുകയാണ് ആദ്യഘട്ടം. ചുവന്ന രക്താണുക്കൾ ആകാൻ കഴിവുള്ള മൂലകോശങ്ങളെ അതിൽ നിന്ന് വേർതിരിച്ച് ലബോറട്ടറിയിൽ വളർത്തും. വിവിധ ഗ്രൂപ്പുകളിലെ രക്തം തേടി ആവശ്യക്കാർ അലയുന്ന സാഹചര്യം ഇന്നുണ്ട്. അപൂർവ്വ ഗ്രൂപ്പുകളിലെ രക്തത്തിന്റെ അഭാവവും ചികിത്സാരംഗത്തെ പ്രതിസന്ധിയാണ്. ലാബിലുണ്ടാക്കുന്ന രക്തം മറ്റൊരാളില്‍നിന്ന് ശേഖരിക്കുന്ന രക്തത്തേക്കാള്‍ നല്ലതായിരിക്കുമെന്നു ശാസ്ത്രജ്ഞര്‍ കരുതുന്നു. 120 ദിവസമാണ് ചുവന്ന രക്താണുക്കളുടെ ആയുസ്. ദാതാവില്‍നിന്നെടുക്കുന്ന രക്തത്തില്‍ പുതുതായുണ്ടാക്കിയവയും നശിക്കാറായവയും കാണും.എന്നാല്‍ ലാബിലുണ്ടാക്കിയ രക്തത്തില്‍ അതു സംഭവിക്കില്ല എന്ന പ്രത്യേകതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.
