കേരളത്തിലെ തീരപ്രദേശങ്ങള്‍ക്ക് ആശ്വാസമായി… ബുറെവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ മാറ്റം
തിരുവനന്തപുരം: ബുറെവിയുടെ സഞ്ചാരപഥത്തില്‍ മാറ്റം; കേരളത്തിലെത്തുമ്പോള്‍ തീവ്രത കുറയും. നാളെ ഉച്ചയോടെ മാത്രമേ കാറ്റ് കേരള തീരത്ത് എത്തുകയുള്ളൂ. കേരളത്തില്‍ എത്തുമ്പോള്‍ ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞ് അതിതീവ്രന്യൂനമര്‍ദം ആകും. കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്കുന്ന ഏറ്റവും പുതിയ വിവര പ്രകാരം ബുറെവി ചുഴലിക്കാറ്റ് തമിഴ്നാട്ടില്‍ വച്ചു തന്നെ ശക്തി കുറഞ്ഞ് അതി തീവ്ര ന്യുന മര്‍ദ്ദമായി, തുടര്‍ന്ന് തിരുവനന്തപുരം പൊന്മുടിയുടെ അടുത്ത് കൂടി നാളെ ഉച്ചയോടെ കേരളത്തില്‍ പ്രവേശിച്ചു വര്‍ക്കലക്കും പരവൂരിനും (കൊല്ലം )ഇടയില്‍ അറബികടലില്‍ പ്രവേശിച്ച് തീവ്ര ന്യുന മര്‍ദ്ദമായി ശക്തി കുറയാന്‍ സാധ്യതയെന്നാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ പൊന്മുടിയിലെ ലയങ്ങളില്‍ താമസിക്കുന്ന തോട്ടം തൊഴിലാളികളെ വിതുരയിലുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചു. കെ.എസ്.ആര്.ടി.സി ബസുകളില്‍ ഇവരെ എത്തിക്കും.
2020 ഡിസംബർ 3ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഏറ്റവും ഉയർന്ന അലേർട്ട് ആയ \’റെഡ്\’ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
