ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം
ക്ലാസുകൾ ഓൺലൈൻ ആക്കണമെന്ന് രക്ഷിതാക്കൾ
ന്യൂഡൽഹി: തലസ്ഥാനത്ത് വായു ഗുണനിലവാരം അതീവ ഗുരുതരമായ നിലയിൽ തുടരുന്നു. നിലവിൽ ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 450 ആണ്. എക്യുഐ 400ന് മുകളിലാകുന്നത് ആരോഗ്യമുള്ള ആളുകളെ പോലും ഗുരുതരമായി ബാധിക്കുന്ന അവസ്ഥയാണ്. ഡൽഹിയിലെ വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിലായിരിക്കുന്ന സാഹചര്യത്തിൽ ഡൽഹി-എൻസിആറിലെയും ഗൗതം ബുദ്ധ നഗറിലെയും സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ നടത്താനാണ് അധികൃതർ നിർദേശം നൽകിയിരിക്കുന്നത്. ഒന്നു മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ നടത്താനാണ് നിർദേശം.
നവംബർ എട്ട് വരെ ഓൺലൈൻ ക്ലാസുകൾ നടത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. നോയിഡയിലെ എയർ ക്വാളിറ്റി ഇൻഡക്സ് 562 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദേശീയ തലസ്ഥാനത്ത് വായു മലിനീകരണം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ അടച്ചുപൂട്ടുന്നതിനെ കുറിച്ചും ഓൺലൈൻ ക്ലാസുകളിലേക്ക് മാറുന്നതിനെ കുറിച്ചും ഡൽഹി സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എന്നാൽ, സ്‌കൂളുകൾ അടയ്ക്കണമെന്ന് മാതാപിതാക്കളും പരിസ്ഥിതി പ്രവർത്തകരും ആവശ്യപ്പെട്ടിരിക്കുകയാണ്.
