വിയറ്റ്നാമിലെ കൊൺ ടും പ്രവിശ്യയിലെ ദേവാലയത്തിൽ വൈദികന്‍ ദാരുണമായി കൊല്ലപ്പെട്ടു.
ഹോചി മിൻ സിറ്റി: വിയറ്റ്നാമിലെ കൊൺ ടും പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഡാക് മോട്ട് മിഷൻ ദേവാലയത്തിൽ വൈകുന്നേരത്തെ വിശുദ്ധ കുർബാന അർപ്പണത്തിനു മുമ്പ് വിശ്വാസികളെ കുമ്പസാരിപ്പിച്ചുക്കൊണ്ടിരിന്ന വൈദികന്‍ ദാരുണമായി കൊല്ലപ്പെട്ടു. ഡൊമിനിക്കൻ സമൂഹാംഗമായ ഫാ. ജോസഫ് ട്രാൻ എൻജോക്ക് താൻ എന്ന വൈദികനാണ് കത്തി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വൈദികനെ ആക്രമിച്ചുവെന്ന കരുതപ്പെടുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തതായി രൂപതാ വൃത്തങ്ങൾ പറഞ്ഞു.
1981ൽ ഹോച്ചിമിൻ നഗരത്തിൽ ജനിച്ച ജോസഫ് ട്രാൻ വ്രതം സ്വീകരിക്കുന്നത് 2010ലാണ്. 2018ലാണ് അദ്ദേഹം വൈദികനായി അഭിഷേകം ചെയ്യപ്പെടുന്നത്. യുവ വൈദികന്റെ ആകസ്മികമായ ഞെട്ടലിലാണ് രൂപതയും വിശ്വാസി സമൂഹവും. കൊൺ ടുമിലുളള ഡൊമിനിക്കൻ സമൂഹത്തിന്റെ ആശ്രമത്തിൽ ഇന്നലെ ജനുവരി 30നു മരണമടഞ്ഞ വൈദികന് ആദരാഞ്ജലികളർപ്പിച്ചു. ഇന്ന് ജനുവരി 31 തിങ്കളാഴ്ച, ബിയൻ ഹോയിലുളള സെന്റ് മാർട്ടിൻ ചാപ്പലിൽ ഫാ. ജോസഫ് ട്രാൻ എൻജോക്കിന്റെ മൃതസംസ്കാരം നടക്കും. ഫാ. ജോസഫിന്റെ ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കാൻ വിശ്വാസി സമൂഹത്തോട് രൂപത ആഹ്വാനം ചെയ്തു.
