നന്ദി എല്ലാവര്ക്കും നന്ദി ….
തെരുവുകളിൽ സുവിശേഷം വിളിച്ചു പറയുന്ന ഒരു പരസ്യയോഗ പ്രസംഗകനായി ആരംഭിച്ച എന്റെ സുവിശേഷ യാത്ര മൂന്നര പതിറ്റാണ്ടു പിന്നിടുകയാണ്.
ഞാൻ കൃതാർത്ഥനാണ്….
മുപ്പത്തിയഞ്ചു വർഷം ഒരു സുവിശേഷ പ്രഭാഷകൻ ആയിരിക്കുക എന്നത് ചെറിയ കാര്യമല്ലല്ലോ, ആയിരകണക്കിന് വേദികളിൽ ലക്ഷക്കണക്കിനാളുകളോട് യേശുക്രിസ്തുവിന്റെ നിർമല സുവിശേഷം പ്രസംഗിക്കാൻ കർത്താവു എനിക്ക് കൃപ നൽകി. പൊതുവേദികളിൽ ക്രൂശിക്കപ്പെട്ട ക്രിസ്തുവും അവന്റെ രക്ഷണ്യപ്രവൃത്തിയുമായിരുന്നു എന്റെ പ്രസംഗ വിഷയങ്ങൾ, ലളിതമായ ഭാഷയിൽ തിരുവെഴുത്തിന്റെ വർത്തമാനകാല നിവൃത്തികൾ തെളിയിക്കുവാൻ ഞാൻ ശ്രമിച്ചു എന്നതിന് നിങ്ങൾ സാക്ഷികൾ.
ഇതിനോടകം ക്രൈസ്തവ മാധ്യമങ്ങളിൽ നൂറുകണക്കിന് ലേഖങ്ങളെഴുതി. പത്തോളം ഗ്രന്ഥങ്ങൾ രചിക്കുവാനും അവയുടെ അനവധി പതിപ്പുകൾ പ്രസിദ്ധീകരിക്കാനും കഴിഞ്ഞു … അവ ഇരുകയ്യും നീട്ടി ക്രൈസ്തവ കൈരളി സ്വീകരിച്ചു.
ഉപദേശ വിഷയങ്ങളിൽ ഒത്തുതീർപ്പു നടത്തിയിട്ടില്ല. നൂതനാശയങ്ങളുടെ പിന്നാലെ പോയിട്ടില്ല. അതും ശെരി ഇതും ശെരിയെന്നു പറഞ്ഞിട്ടില്ല. ജീവിതവിശുദ്ധിയും ഉപദേശവിശുദ്ധിയും ആവോളം സൂക്ഷിക്കാൻ ശ്രമിച്ചു എന്നതിനും എന്റെ ദൈവം സാക്ഷി.
ദ്രവ്യാർത്തിയുടെ തന്ത്രങ്ങൾ പ്രയോഗിച്ചിട്ടില്ല. സ്ഥാനമാനങ്ങളുടെ പുറകെ ഓടിയിട്ടില്ല. അവസരങ്ങൾക്കായി ആരുടെയും കാലുപിടിച്ചില്ല. നേതൃത്വത്തെയോ, ഉന്നതന്മാരെയോ, സമ്പന്നന്മാരെയോ, പ്രസാദിപ്പിക്കുവാൻ നോക്കിയില്ല. എങ്കിലും എന്റെ ദൈവത്തെ പ്രസാദിപ്പിച്ചു എന്നെനിക്കു ഉറപ്പുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക സംഘടനയുടെ വക്താവായിട്ടല്ല. പെന്തക്കോസ്തു സമൂഹത്തിന്റെ പൊതുസ്വത്തിനായി നിൽക്കാനും കർത്താവു എന്നെ സഹായിച്ചു.
ജീവിത വസ്ത്രത്തിൽ കളങ്കംപറ്റാതെ ആവോളം സൂക്ഷിച്ചു. മഹത്വം എല്ലാം എന്റെ കർത്താവിനുതന്നെ ആയിരിക്കട്ടെ.
ഇനിയും എത്രനാൾ ഈ ഭൂമിയിലുണ്ടോ, അത്രനാളും എന്റെ യേശുവിനായി തന്നെ ഓടണം …. അതാണെന്റെ ആശ….
നന്ദി എല്ലാവര്ക്കും നന്ദി …
സ്നേഹിച്ചവർ , പ്രാർത്ഥിച്ചവർ , ശുശ്രൂഷക്കു അവസരമൊരുക്കിയവർ …..
എല്ലാവര്ക്കും ഹൃദയംഗമായ നന്ദി
