നോവ സാബു (19) നിര്യാതയായി
കോഴഞ്ചേരി: തലച്ചോറിൽ ഉണ്ടായ രക്ത സ്രാവത്തെ തുടർന്ന് വിദ്യാർഥിനി മരിച്ചു. കോവിഡ് വാക്‌സീൻ എടുത്തതിന്റെ പാർശ്വഫലം മൂലമാണെന്ന സംശയം ഉന്നയിച്ച് ബന്ധുക്കൾ. ചെറുകോൽ കാട്ടൂർ ചിറ്റാനിക്ക വടശേരിമഠം സാബു സി. തോമസിന്റെ മകൾ നോവ സാബുവാണ് (19) ഇന്നലെ രാവിലെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
കഴിഞ്ഞ 28ന് കൊച്ചിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പല്ലിനു കമ്പിയിടാൻ പോയപ്പോൾ അവിടെ നിന്ന് കോവിഡ് പ്രതിരോധ വാക്‌സീന്റെ ആദ്യ ഡോസ് എടുത്തിരുന്നു. ഇതിനുശേഷം വീട്ടിലെത്തിക്കഴിഞ്ഞപ്പോൾ പനിയുടെ ലക്ഷണം ഉണ്ടാവുകയും പിന്നീട് രണ്ടു ദിവസം കഴിഞ്ഞപ്പോൾ അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു. ഇതിനെ തുടർന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തി. ഇവിടെ നിന്ന് മരുന്നും മറ്റും വാങ്ങി വീട്ടിലെത്തിയെങ്കിലും അസ്വസ്ഥത കൂടി.
തുടർന്ന് 7ന് സ്ഥിതി കൂടുതൽ വഷളാവുകയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. അവിടെ നടത്തിയ പരിശോധനയിൽ തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടിയതായി കണ്ടെത്തി. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ചികിത്സ തുടരുകയും ആയിരുന്നു.
മരിച്ച നോവ കൊച്ചി അമൃത കോളജിൽ ബിരുദ വിദ്യാർഥിനിയായിരുന്നു. മാതാവ് ജീൻ റാന്നി സെന്റ് മേരീസ് സ്‌കൂൾ അധ്യാപികയാണ്. സംസ്കാരം പിന്നീട്. മരണം സംബന്ധിച്ച് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മെഡിക്കൽ റിപ്പോർട്ട് ഇതുവരെ ലഭ്യമായിട്ടില്ലെന്നും ഡിഎംഒ എ.എൽ.ഷീജ പറഞ്ഞു.
