പലവിധ ആവശ്യങ്ങൾക്കായി സഭയോടുള്ള ബന്ധത്തിൽ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടി സാറിനെ പോയി കാണണ്ടി വന്നിട്ടുണ്ട്. ഒരിക്കൽ രാത്രിയിലാണ് അദ്ദേഹത്തെ കാണാൻ സാധിച്ചത്. എപ്പോഴും തിരക്കായിരിക്കും ആ വീട്ടിൽ ! പല ആവശ്യങ്ങൾക്കായി കടന്നു വരുന്നവർ! ഞങ്ങൾ ചെല്ലുമ്പോൾ അദ്ദേഹത്തിന്റെ വീടിന്റെ അടുക്കളയോട് ചേർന്ന വാതിൽ തുറന്നിട്ടിരുന്നു. അതിലൂടെയാണ് ഞങ്ങൾ വീടിനുള്ളിൽ കയറിയത്. അവിടെ ആൾക്കൂട്ടത്തിനിടയിൽ ഇരിക്കുമ്പോഴും മുറിക്കകത്തു കൂടി ഞങ്ങളുടെ അടുത്ത് വന്ന് ഞങ്ങൾക്ക് പറയാനുള്ളത് കേൾക്കും . എന്ത് കാര്യമാണെങ്കിലും ശ്രദ്ധയോടെ കേൾക്കുകയും അപേക്ഷകൾ ചെയ്തു തരികയും ചെയ്യും. പവർ വിഷൻ ടിവി ചാനൽ തുടങ്ങി അതിന്റെ സ്നേഹഭവന പദ്ധതിയിൽ ഒന്നാമത്തെ വീട് നിർമ്മിച്ചത് പുതുപ്പള്ളിയിൽ ആയിരുന്നു.അദ്ദേഹമായിരുന്നു അതിന്റെ ഉത്ഘാടനം നിർവഹിച്ചത്. അന്ന് വളരെ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. ദരിദ്രരായ ആളുകൾ, വീടില്ലാത്തവർ, വിധവകളായവർ ,കെട്ടുറപ്പില്ലാത്ത വീടുള്ളവർ അവരെയൊക്കെ സഹായിക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രസംഗത്തിൽ പറഞ്ഞു.
കുമ്പനാട് കൺവൻഷനു പല വർഷങ്ങൾ വന്നിട്ടുണ്ട്. ഞാൻ പ്രസംഗിക്കുന്ന രാത്രികളിൽ ആദ്ദേഹം വന്നിട്ടുണ്ട്.മറ്റൊരിക്കൽ അദ്ദേഹം അടുത്തിരുന്ന ബൈബിൾ സൊസൈറ്റിയുടെ സെക്രട്ടറിയായിരുന്ന അച്ചനോട് ചോദിച്ചു: “ഇതെങ്ങനെയാണ് പ്രസംഗം ഇത്ര വേഗത്തിൽ പറയുന്നത് ?ഞങ്ങളൊക്കെ സംസാരിക്കുന്നത് നിർത്തി നിർത്തിയാണ്. ബൈബിളിലെ കാര്യങ്ങൾ എങ്ങനെയാണ് ഇത്ര സ്പീഡിൽ പറയാൻ കഴിയുന്നത്?” അദ്ദേഹത്തിന്റെ ഈ ചോദ്യത്തെ കുറിച്ച് പിന്നിട് അച്ചൻ എന്നോട് പറയുകയുണ്ടായി.
നൂറാമത് വീട് പണിതതും പുതുപ്പള്ളി നിയോജകമണ്ഡലത്തിലാണ്. അന്നും അദ്ദേഹമാണ് അതിന്റെ ഉത്ഘാടനത്തിനു വന്നത്. അല്പ സമയം കൂടി എടുത്തിട്ടു വേണമായിരുന്നു ആരംഭിക്കുവാൻ! അപ്പോൾ ഞങ്ങൾ രണ്ടുപേരും ഒരുമിച്ചിരുന്നു പൊതുകാര്യങ്ങൾ സംസാരിക്കുകയുണ്ടായി. സേവനം , ജന സേവനം, സ്നേഹത്തോടുള്ള സേവനം ഇതാണ് ഒരു ലീഡറിന്റെ ലക്ഷണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ സ്നേഹത്തോടെ സേവിക്കുകയാണ് ഒരു ലീഡർ ചെയ്യേണ്ടത്. രണ്ടാമത്തെ കാര്യമാണ് ബാക്കി എല്ലാം ! ഇത് യേശു ക്രിസ്തു പഠിപ്പിച്ച മാതൃകയാണ്. മറ്റുള്ളവരെ സ്നേഹിക്കുകയും, ശത്രുവിനെ പോലും സ്നേഹിക്കുകയും , സ്നേഹത്തോടെ കൂടെ പെരുമാറുകയും ആവശ്യത്തിലിരിക്കുന്ന ജനങ്ങൾക്ക് അവരുടെ ആവശ്യം മനസ്സിലാക്കി അവരെ സഹായിക്കുകയും വേണം. ഈ ജീവിത ലക്ഷ്യമായിരുന്നു ഉമ്മൻ ചാണ്ടി സാറിനുള്ളത്. അദ്ദേഹം കടന്നു പോയതിൽ അതിയായ ദുഃഖമുണ്ട് എങ്കിലും അദ്ദേഹം ചെയ്ത കാര്യങ്ങൾ നന്ദിപൂർവ്വം ഓർക്കുന്നു
