Ultimate magazine theme for WordPress.

ജനങ്ങളെ സ്നേഹത്തോടെ സേവിച്ച നേതാവ് :റവ കെ സി ജോൺ

പലവിധ ആവശ്യങ്ങൾക്കായി സഭയോടുള്ള ബന്ധത്തിൽ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടി സാറിനെ പോയി കാണണ്ടി വന്നിട്ടുണ്ട്. ഒരിക്കൽ രാത്രിയിലാണ് അദ്ദേഹത്തെ കാണാൻ സാധിച്ചത്. എപ്പോഴും തിരക്കായിരിക്കും ആ വീട്ടിൽ ! പല ആവശ്യങ്ങൾക്കായി കടന്നു വരുന്നവർ! ഞങ്ങൾ ചെല്ലുമ്പോൾ അദ്ദേഹത്തിന്റെ വീടിന്റെ അടുക്കളയോട് ചേർന്ന വാതിൽ തുറന്നിട്ടിരുന്നു. അതിലൂടെയാണ് ഞങ്ങൾ വീടിനുള്ളിൽ കയറിയത്. അവിടെ ആൾക്കൂട്ടത്തിനിടയിൽ ഇരിക്കുമ്പോഴും മുറിക്കകത്തു കൂടി ഞങ്ങളുടെ അടുത്ത് വന്ന് ഞങ്ങൾക്ക് പറയാനുള്ളത് കേൾക്കും . എന്ത് കാര്യമാണെങ്കിലും ശ്ര​ദ്ധയോടെ കേൾക്കുകയും അപേക്ഷകൾ ചെയ്തു തരികയും ചെയ്യും. പവർ വിഷൻ ടിവി ചാനൽ തുടങ്ങി അതിന്റെ സ്നേഹഭവന പ​ദ്ധതിയിൽ ഒന്നാമത്തെ വീട് നിർമ്മിച്ചത് പുതുപ്പള്ളിയിൽ ആയിരുന്നു.അദ്ദേഹമായിരുന്നു അതിന്റെ ഉത്ഘാടനം നിർവഹിച്ചത്. അന്ന് വളരെ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. ദരിദ്രരായ ആളുകൾ, വീടില്ലാത്തവർ, വിധവകളായവർ ,കെട്ടുറപ്പില്ലാത്ത വീടുള്ളവർ അവരെയൊക്കെ സഹായിക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രസം​ഗത്തിൽ പറഞ്ഞു.

കുമ്പനാട് കൺവൻഷനു പല വർഷങ്ങൾ വന്നിട്ടുണ്ട്. ഞാൻ പ്രസം​ഗിക്കുന്ന രാത്രികളിൽ ആദ്ദേഹം വന്നിട്ടുണ്ട്.മറ്റൊരിക്കൽ അദ്ദേഹം അടുത്തിരുന്ന ബൈബിൾ സൊസൈറ്റിയുടെ സെക്രട്ടറിയായിരുന്ന അച്ചനോട് ചോദിച്ചു: “ഇതെങ്ങനെയാണ് പ്രസം​ഗം ഇത്ര വേ​ഗത്തിൽ പറയുന്നത് ?ഞങ്ങളൊക്കെ സംസാരിക്കുന്നത് നിർത്തി നിർത്തിയാണ്. ബൈബിളിലെ കാര്യങ്ങൾ എങ്ങനെയാണ് ഇത്ര സ്പീഡിൽ പറയാൻ കഴിയുന്നത്?” അദ്ദേഹത്തിന്റെ ഈ ചോദ്യത്തെ കുറിച്ച് പിന്നിട് അച്ചൻ എന്നോട് പറയുകയുണ്ടായി.

നൂറാമത് വീട് പണിതതും പുതുപ്പള്ളി നിയോജകമണ്ഡലത്തിലാണ്. അന്നും അദ്ദേഹമാണ് അതിന്റെ ഉത്ഘാടനത്തിനു വന്നത്. അല്പ സമയം കൂടി എടുത്തിട്ടു വേണമായിരുന്നു ആരംഭിക്കുവാൻ! അപ്പോൾ ‍‍‍‍ഞങ്ങൾ രണ്ടുപേരും ഒരുമിച്ചിരുന്നു പൊതുകാര്യങ്ങൾ സംസാരിക്കുകയുണ്ടായി. സേവനം , ജന സേവനം, സ്നേഹത്തോടുള്ള സേവനം ഇതാണ് ഒരു ലീഡറിന്റെ ലക്ഷണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ സ്നേഹത്തോടെ സേവിക്കുകയാണ് ഒരു ലീഡർ ചെയ്യേണ്ടത്. രണ്ടാമത്തെ കാര്യമാണ് ബാക്കി എല്ലാം ! ഇത് യേശു ക്രിസ്തു പഠിപ്പിച്ച മാതൃകയാണ്. മറ്റുള്ളവരെ സ്നേഹിക്കുകയും, ശത്രുവിനെ പോലും സ്നേഹിക്കുകയും , സ്നേഹത്തോടെ കൂടെ പെരുമാറുകയും ആവശ്യത്തിലിരിക്കുന്ന ജനങ്ങൾക്ക് അവരുടെ ആവശ്യം മനസ്സിലാക്കി അവരെ സഹായിക്കുകയും വേണം. ഈ ജീവിത ലക്ഷ്യമായിരുന്നു ഉമ്മൻ ചാണ്ടി സാറിനുള്ളത്. അദ്ദേഹം കടന്നു പോയതിൽ അതിയായ ദുഃഖമുണ്ട് എങ്കിലും അദ്ദേഹം ചെയ്ത കാര്യങ്ങൾ നന്ദിപൂർവ്വം ഓർക്കുന്നു

Leave A Reply

Your email address will not be published.