വത്തിക്കാൻ : വത്തിക്കാൻ അഗ്നിശമന സേനാംഗങ്ങൾ സിസ്റ്റൈൻ ചാപ്പലിന് മുകളിൽ പുകക്കുഴൽ സ്ഥാപിച്ചു. സിസ്റ്റൈൻ ചാപ്പലിൽ നടക്കുന്ന ഓരോ രണ്ട് റൗണ്ട് വോട്ടെടുപ്പിനു ശേഷവും പുറം ലോകത്തെ ഫലം അറിയിക്കുന്നതിനായി കർദ്ദിനാൾമാരുടെ ബാലറ്റുകൾ പ്രത്യേക ചൂളയിൽ കത്തിക്കും.
കറുത്ത പുകയാണ് വരുന്നതെങ്കിൽ ഇതുവരെ പാപ്പയെ തെരഞ്ഞെടുത്തിട്ടില്ലായെന്നും വെളുത്ത പുകയാണ് വരുന്നതെങ്കിൽ പുതിയ പാപ്പയെ തെരഞ്ഞെടുത്തുവെന്നും പ്രതീകാന്മകമായി അറിയിക്കുന്ന സംവിധാനമാണ് ഇത്. കറുത്ത പുക പുറപ്പെടുവിക്കുന്നതിനായി ബാലറ്റുകൾ പൊട്ടാസ്യം പെർക്ലോറേറ്റ്, ആന്ത്രാസീൻ (കൽക്കരി ടാറിന്റെ ഒരു ഘടകം), സൾഫർ എന്നിവ കലർത്തി കത്തിക്കും. എന്നാൽ മാർപാപ്പയെ തെരഞ്ഞെടുത്താൽ, ബാലറ്റുകൾ പൊട്ടാസ്യം ക്ലോറേറ്റ്, ലാക്ടോസ്, ക്ലോറോഫോം റെസിൻ എന്നിവയുമായി കലർത്തി കത്തിച്ച് വെളുത്ത പുക പുറപ്പെടുവിക്കുന്ന വിധത്തിലാണ് ക്രമീകരണം.
