കാർ ഓടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് വൈദികൻ മരിച്ചു.
തിരുവല്ല : കാർ ഓടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് വൈദികൻ മരിച്ചു.
നിയന്ത്രണംവിട്ട കാർ, റോഡിൽ എതിർ ദിശയിൽ സിഗ്നൽ കാത്തു കിടന്ന ട്രെയിലറിനു പിന്നിലിടിച്ചു നിന്നു.മലങ്കര ഓർത്തഡോക്സ് സഭ കൊച്ചി ഭദ്രാസനത്തിലെ കൊരട്ടി സെന്റ് കുറിയാക്കോസ് സീയോൻ സെമിനാരി ഓർത്തഡോക്സ് പള്ളി വികാരി, തിരുവല്ല കാരയ്ക്കൽ പാടത്തുകാട്ടിൽ വീട്ടിൽ ഫാ.മോൻസി പി. ചാക്കോ (45) ആണ് മരിച്ചത്. സുൽത്താൻ ബത്തേരി ഭദ്രാസനത്തിലെ വയനാട് ചിങ്ങേലി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്.
കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവായുടെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ വാഴൂർ റോഡിൽ റെയിൽവേ മേൽപാലത്തിനു സമീപമാണ് അപകടം. കൊരട്ടിയിലെ ദേവാലയത്തിൽ ശുശ്രൂഷയ്ക്കായി പോകുകയായിരുന്നു. റെയിൽവേ ജംക്‌ഷനിൽ നിന്ന് വാഴൂർ റോഡിലേക്ക് പ്രവേശിച്ചപ്പോൾ ഫാ. മോൻസിക്കു ഹൃദയാഘാതം ഉണ്ടായെന്നും നിയന്ത്രണം വിട്ട കാർ ട്രെയിലറിന്റെ പിന്നിൽ ഇടിച്ചു നിന്നുവെന്നും പൊലീസ് പറഞ്ഞു.
നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ചെത്തിപ്പുഴയിൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.ഭാര്യ: തിരുവല്ല കാരയ്ക്കൽ പണിക്കരുവീട്ടിൽ കൊച്ചീത്ര ലിൻസു മേരി തോമസ് (നഴ്സ്, ദുബായ്). മക്കൾ: അനിത മേരി, ആരോൺ ഗ്രിഗറി.
