ശൈഖ് ജര്‍റാഹ് മേഖലയില്‍ ഫലസ്തീനികള്‍ക്ക് വാടകയ്ക്ക് താമസിക്കാം, ഭൂമി ഇസ്രായേലിന്റേത്; വിചിത്ര വാഗ്ദാനവുമായി സുപ്രീം കോടതി:
ജറൂസലേം: ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തിന് കാരണമായ ഫലസ്തീനിലെ ശൈഖ് ജര്‍റാഹ് കുടിയൊഴിപ്പിക്കല്‍ കേസില്‍ വിചിത്ര വാഗ്ദാനവുമായി ഇസ്രായേല്‍ സുപ്രീം കോടതി. കുടിയൊഴിപ്പിക്കരുതെന്നാവശ്യപ്പെട്ട് മസ്ജിദുല്‍ അഖ്‌സക്ക് ഒരു കിലോമീറ്റര്‍ പരിസരത്തെ ശൈഖ് ജര്‍റാഹ് ഗ്രാമത്തിലുള്ള ഫലസ്തീനികള്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് അപ്രതീക്ഷിത വാഗ്ദാനവുമായി കോടതി എത്തിയത്.
കുടിയേറ്റ കമ്പനിക്ക് അവകാശപ്പെട്ടതാണ് ഭൂമിയെന്ന് സമ്മതിച്ചാല്‍ അവര്‍ക്ക് വാടക നല്‍കി ഇവിടെ താമസം തുടരാമെന്നാണ് കോടതി നിര്‍ദേശം. ഇത് ഭൂമി നഷ്ടപ്പെടുത്തുന്നതിന് തുല്യമായതിനാല്‍ അംഗീകരിക്കാനാവില്ലെന്ന് ഫലസ്തീനികള്‍ വ്യക്തമാക്കി.
കോടതി നിര്‍ദേശപ്രകാരം, ഫലസ്തീനികള്‍ക്ക് വാടക നല്‍കി ശൈഖ് ജര്‍റാഹില്‍ താമസിക്കാം. എന്നാല്‍ ഭൂമിയുടെ ഉടമസ്ഥത ജൂത കുടിയേറ്റ സംഘടനക്കാകും. തങ്ങള്‍ താമസിക്കുന്നത് മറ്റുള്ളവരുടെ ഭൂമി കൈയേറിയാണെന്ന് സമ്മതിക്കലാകുമെന്നതിനാല്‍ അംഗീകരിക്കില്ലെന്ന് ഫലസ്തീനികള്‍ വ്യക്തമാക്കി. ഇവരെ പുറത്താക്കാന്‍ കീഴ്‌ക്കോടതി അനുമതി നല്‍കിയിരുന്നു. 70 അംഗങ്ങളുള്ള നാലു കുടുംബങ്ങളാണ് അപ്പീലുമായി കോടതി കയറിയിരുന്നത്.
കഴിഞ്ഞ റമദാനിലാണ് ശൈഖ് ജര്‍റാഹ് ഭൂമി ഏറ്റെടുക്കാനുള്ള നീക്കം ഇസ്രായേല്‍ തകൃതിയാക്കിയത്. തുടര്‍ന്ന് നൂറുകണക്കിന് പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് ഇത് കാരണമായി. ശൈഖ് ജര്‍റാഹില്‍ നിന്ന് ഫലസ്തീനികളെ പുറത്താക്കരുതെന്നും ഉത്തരവ് മറികടന്നാല്‍ യുദ്ധക്കുറ്റമായി പരിഗണിക്കുമെന്നും നേരത്തെ യു.എന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് മറികടക്കാനാണ് പുതിയ അനുരഞ്ജനവുമായി ഇസ്രായേല്‍ കോടതി തന്നെ രംഗത്തെത്തിയത്.
ശൈഖ് ജര്‍റാഹ് ഉള്‍പെടുന്ന കിഴക്കന്‍ ജറൂസലം 1967-ലെ ആക്രമണത്തിലാണ് ഇസ്രായേല്‍ കൈവശപ്പെടുത്തുന്നത്. തുടര്‍ന്ന് ഓരോ ഘട്ടത്തിലും ഫലസ്തീനികളെ കൂട്ടമായി കുടിയൊഴിപ്പിച്ച് ഭൂമി ഏറ്റെടുക്കല്‍ തുടരുകയാണ്. ശൈഖ് ജര്‍റാഹ് ഏറ്റെടുത്ത് വലിയ നിര്‍മാണ പദ്ധതികള്‍ ഇസ്രായേല്‍ ലക്ഷ്യമിടുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.
30 വര്‍ഷത്തോളമായി ഈ വിഷയം ഇസ്രായേല്‍ കോടതി പരിഗണനയിലുണ്ട്. കുടിയേറ്റ ജൂത സംഘടന തങ്ങളുടെ ഭൂമിയായി അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ് കോടതി കയറിയിരുന്നത്. 2003-ല്‍ ഈ സംഘടന ശൈഖ് ജര്‍റാഹില്‍ ഭൂമി കൂട്ടമായി കൈവശപ്പെടുത്തിയിരുന്നു.
