സംസ്ഥാനത്ത് പക്ഷിപ്പനി വ്യാപകം
കോഴിക്കോട്: കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചുവെന്ന് റിപ്പോർട്ട്. കോഴിക്കോട്ട് കൂരാച്ചുണ്ട് കാളങ്ങാലിയിൽ സ്വകാര്യ കോഴി ഫാമിലെ 300 കോഴികളാണ് ചത്തത്.
ഇവയുടെ സാമ്പിളുകൾ തിരുവനന്തപുരം, ആലപ്പുഴ ലാബുകളിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൽ ഒരു ലാബിലെ ഫലമാണ് പോസിറ്റീവ് ആയത്. കൂടുതൽ സ്ഥിരീകരണത്തിനായി സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. സാമ്പിൾ ഫലം പോസിറ്റീവായതോടെ 10 കിലോമീറ്റർ ചുറ്റളവിലെ കോഴി ഫാമുകൾ എല്ലാം അടയ്ക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.
പത്ത് പഞ്ചായത്തുകളിൽ ജില്ലാ കളക്ടർ ജാഗ്രതാ നിർദേശം നൽകി. പരിശോധനാഫലം വരും വരെ കൂരാച്ചുണ്ട് പഞ്ചായത്തിലെ എല്ലാ കോഴിക്കടകളും അടച്ചിടാനും കളക്ടർ നിർദേശിച്ചു. ചക്കിട്ടപ്പാറ, പേരാമ്പ, കായണ്ണ, കൂത്താളി, ചങ്ങരോത്ത്, നൊച്ചാട്, നടുവഞ്ഞൂർ, പനങ്ങാട്, കോട്ടൂർ, കട്ടിപ്പാറ പഞ്ചായത്തുകളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ഈ പഞ്ചായത്തുകളിൽനിന്ന് കോഴിയും മുട്ടയും പുറത്തേക്ക് കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ട്. പക്ഷിപ്പനി സംശയിക്കുന്നുവെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാഭരണകൂടം അറിയിച്ചത്.കഴിഞ്ഞ് ദിവസം രാജ്യത്ത് ആദ്യ പക്ഷിപ്പനി മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഹരിയാന സ്വദേശിയായ 12 വയസുകാരനാണ് മരിച്ചത്. ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന കുട്ടിക്ക് ലുക്കീമിയയും ന്യൂമോണിയയും ബാധിച്ചിരുന്നു.
