ജെറുസലേം : ഇസ്രായേലിൽ ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ വർദ്ധിക്കുന്നുവെന്ന വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് തള്ളി ഇസ്രായേലിലെ യു.എസ് സ്ഥാനപതി മൈക്ക് ഹക്കബി. 1973 മുതൽ താൻ ഇസ്രായേലിൽ ജീവിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ടെന്നും ക്രൈസ്തവർക്ക് അവിടെ പൂർണ്ണ ആരാധനാ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജെറുസലേമിലെ പഴയ നഗരത്തിൽ ക്രൈസ്തവർക്ക് നേരെ അപൂർവ്വമായി നടക്കുന്ന തുപ്പൽ ആക്രമണങ്ങളെ ഇസ്രായേൽ പ്രധാനമന്ത്രിയും ഭരണകൂടവും ശക്തമായി അപലപിച്ചിട്ടുണ്ടെന്ന് ഹക്കബി ഓർമ്മിപ്പിച്ചു. ചുരുക്കം ചില കുറ്റവാളികളുടെ പ്രവൃത്തിയെ അടിസ്ഥാനമാക്കി രാജ്യം മുഴുവൻ ക്രൈസ്തവ വിരുദ്ധമാണെന്ന് വരുത്തിതീർക്കാൻ കഴിയില്ലെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി.
എന്നാൽ പഴയ നഗരത്തിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന അധിക്ഷേപങ്ങളും അതിക്രമങ്ങളും വർദ്ധിച്ചുവരുന്നതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഈ വർഷം ആദ്യ പകുതിയിൽ മാത്രം ഇത്തരം 107 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മതസ്വാതന്ത്ര്യ ഡാറ്റാ സെന്റർ വ്യക്തമാക്കുന്നു.

Comments are closed.