ന്യൂയോർക്ക് : ‘ഫുൾ ഹൗസ്’ പ്രശസ്തയായ നടി കാൻഡസ് കാമറൂൺ ബുറെയുടെ മകൻ ലെവ് ബുറെ സുവിശേഷ പ്രസംഗ രംഗത്ത് സജീവമാകുന്നു. ആറുവർഷം മുൻപ് തന്റെ 19-ാം വയസ്സിൽ ഒരു പ്രാദേശിക സഭയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ആദ്യമായി സുവിശേഷം പങ്കുവെക്കാൻ തുടങ്ങിയത്. തനിക്ക് ലഭിച്ച ഈ വലിയ അവസരത്തെ ദൈവത്തിന്റെ നിയോഗമായി കാണുന്നുവെന്ന് ബുറെ വ്യക്തമാക്കുന്നു.
തന്റെ ജീവിതത്തിലും വിശ്വാസ രൂപീകരണത്തിലും മാതാപിതാക്കളുടെ സ്വാധീനം വളരെ വലുതായിരുന്നുവെന്ന് ബുറെ ഓർമ്മിക്കുന്നു. ദൈവവുമായുള്ള വ്യക്തിപരമായ ബന്ധവും ആത്മീയ അടിത്തറയും ചെറുപ്പകാലത്ത് തന്നെ നൽകാൻ മാതാപിതാക്കൾക്ക് സാധിച്ചു. പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെയുമാണ് താൻ ഓരോ സുവിശേഷ പ്രസംഗങ്ങൾക്കും ഒരുങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നത്തെ യുവതലമുറയിൽ വലിയൊരു ആത്മീയ ഉണർവ് ഉണ്ടാകുന്നുണ്ടെന്ന് ലെവ് ബുറെ നിരീക്ഷിക്കുന്നു. സോഷ്യൽ മീഡിയ, പണം, കരിയർ എന്നിവയിലൂടെയൊന്നും മനുഷ്യ മനസ്സിന് യഥാർത്ഥ സംതൃപ്തി ലഭിക്കില്ലെന്ന് ചെറുപ്പക്കാർ തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ട്. ദൈവവചനത്തിലൂടെ മാത്രമേ ജീവിതാവശ്യങ്ങൾക്ക് പൂർണ്ണത ലഭിക്കൂ എന്ന സത്യം ആളുകളിലേക്ക് എത്തിക്കാൻ കൂടുതൽ ആഗ്രഹിക്കുന്നതായും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Comments are closed.