ന്യൂയോർക് : റഷ്യ-ഉക്രൈൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, ഇരുരാജ്യങ്ങളിലുമുണ്ടാകുന്ന ആക്രമണങ്ങളിൽ കുട്ടികൾ കൊല്ലപ്പെടുന്നതിൽ ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ നിധി കടുത്ത ആശങ്ക രേഖപ്പെടുത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി റഷ്യയിലും ഉക്രെയ്നിലുടനീളവും നടന്ന ഡ്രോൺ-മിസൈൽ ആക്രമണങ്ങളിൽ നിരവധി കുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
റഷ്യയിലെ ബെൽഗൊറോഡിൽ കളിസ്ഥലത്തിന് സമീപം ഡ്രോൺ പതിച്ച് 13 വയസ്സുകാരി കൊല്ലപ്പെടുകയും, ക്രാസ്നോദറിലെ ആക്രമണത്തിൽ മൂന്ന് കുട്ടികളടക്കം ഏഴ് പേർ കൊല്ലപ്പെടുകയും ചെയ്തു. ഉക്രെയ്നിൽ കഴിഞ്ഞ ആഴ്ച മാത്രം നടന്ന ആക്രമണങ്ങളിൽ എട്ട് വയസ്സുകാരനുൾപ്പെടെ കുറഞ്ഞത് ആറ് കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടു.
കളിക്കുന്നയിടങ്ങളിലും താമസിക്കുന്നിടത്തും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും, അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കണമെന്നും എല്ലാ കക്ഷികളോടും യൂണിസെഫ് അഭ്യർത്ഥിച്ചു. സാധാരണക്കാരെയും കുട്ടികളെയും ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് യൂണിസെഫ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Comments are closed.