മഹാരാഷ്ട്ര : മഹാരാഷ്ട്രയുടെ, പ്രത്യേകിച്ച് മുംബൈയുടെ സാമൂഹിക – സന്നദ്ധ പ്രവർത്തന ചരിത്രത്തിൽ സുവർണ്ണ അധ്യായമാണ് മുംബൈയിലെ, പൻവേൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ബ്ലെസ് ഫൗണ്ടേഷന്റെ തുടക്കവും തുടർച്ചയും. പേര് അന്വർത്ഥമാകത്തക്ക നിലയിൽ അശരണർക്കും ആലംബഹീനരുമായി, മാരകരോഗത്തിന്റെ പിടിയിലമർന്ന കുരുന്നുകളെ പ്രത്യാശയും പ്രതീക്ഷയും നൽകി ജീവിതത്തിലേക്ക് തിരികെകൊണ്ടുവന്ന് നിരവധി ബാല്യ കൗമാരങ്ങൾക്ക് അനുഗ്രഹമായി മാറുകയാണ് പാസ്റ്റർ റെജി തോമസ് നേതൃത്വം നൽകുന്ന ബ്ലെസ്സ് ഫൗണ്ടേഷൻ.
സുഖലോലുപതയുടെ പുത്തൻ മേച്ചിൽപുറങ്ങൾ തേടിയെത്തുന്നവരിൽ ചിലരെങ്കിലും ലൈംഗിക രാജകത്വത്തിലേക്കും അതുവഴി, എച്ച് ഐ വി എന്ന മാരകരോഗത്തിന്റെ നീരാളിപ്പിടുത്തത്തിലും അമരുകയാണ്. അവിടെനിന്നും ഈ രോഗത്തിൻറെ പകർന്നാട്ടം നിരപരാധികളായ തലമുറകളിലേക്കും. മരണനിഴൽ നിരാശയുടെ ഇരുൾ പരത്തുന്ന നിരവധി കുട്ടികൾക്ക് പ്രത്യാശയുടെ തിരിവെട്ടം തെളിയിച്ചു നൽകാൻ ബ്ലെസ്സ് ഫൗണ്ടേഷന് കഴിയുന്നു എന്നത് അഭിനന്ദനാർഹമാണ്.
2008ൽ ഏഴ് വയസ്സിൽ താഴെ പ്രായമുള്ള നാല് കുഞ്ഞുങ്ങളുമായിട്ടാണ് ബ്ലെസ്സ് ഫൗണ്ടേഷൻ പൻവേലിൽ പ്രവർത്തനമാരംഭിക്കുന്നത് അന്നുണ്ടായിരുന്ന ആറു വയസ്സുകാരൻ ശുഭം എന്ന മകൻ ഇന്നും ഇവിടെയുണ്ട് എംബിഎ ഒന്നാം വിദ്യാർത്ഥിയാണ്. ഒരുപക്ഷേ മുംബൈയുടെ തെരുവിൽ ജീവിതം ഹോമിക്കപ്പെടുവാൻ വിധിക്കപ്പെട്ടവൻ. ശുഭം ഇന്ന് ആത്മിക ശുശ്രൂഷയിൽ പങ്കാളിയാണ്. അനേകർക്ക് ആശ്വാസവും, ആത്മീക ആവേശവും ആണ് അവൻ്റെ ജീവിതാനുഭവം. ഇവിടെനിന്ന് സംരക്ഷണവും വിദ്യാഭ്യാസവും നേടി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ഇന്ന് 30പേർ വിവിധ തലങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. ചിലർ സുവിശേഷവേലയുടെ ഭാഗവുമായിട്ടുണ്ട്. എച്ച് ഐ വി എന്ന മാരകരോഗത്തിന്റെ ഉഷ്ണതാപമേറ്റെങ്കിലും വാടിവീഴാതെ ബ്ലെസ്സ് ഫൗണ്ടേഷന്റെ തണലിൽ ഇന്നും അനേകർ ആശ്വാസം കാണുന്നു. അവരിൽ അഞ്ചുവയസ്സുകാരൻ ആശിഷ് മുതൽ 23 വയസ്സുള്ള അഭിഷേക് വരെയുണ്ട്. അനാഥത്വത്തിന്റെ അരാജകത്വംപേറി മുംബൈയുടെ തെരുവുകളിൽ അലയേണ്ടവർ, ട്രെയിനുകളിലും മറ്റും ഭിക്ഷാടനത്തിനായി നിയോഗിക്കപ്പെടേണ്ടവർ, ഇവർക്കിന്ന് പാസ്റ്റർ റെജിയും ഭാര്യ മിനിയും പപ്പയും മമ്മിയുമാണ്. നല്ല ഭക്ഷണം, ക്രമീകൃത വിദ്യാഭ്യാസം, ആത്മീയതയിലൂന്നിയ ജീവിതശൈലി… ബ്ലെസ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ ഏറെയാണ്.
ആലപ്പുഴ ജില്ലയിൽ മാവേലിക്കര സ്വദേശിയായ പാസ്റ്റർ റെജി തോമസ് റെയിൽവേ ഉദ്യോഗസ്ഥനായിട്ടാണ് 1989ൽ മുംബൈയിൽ എത്തുന്നത് എന്നാൽ പ്രേഷിത പ്രവർത്തനത്തിനായി ദൈവം തന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്ന ദൈവിക നിയോഗം തിരിച്ചറിഞ്ഞ് അദ്ദേഹം ജോലി രാജിവച്ച് കുമ്പനാട് ഹെബ്രോൻ ബൈബിൾ കോളേജിൽ തിരുവചനം പഠിച്ചു. തിരികെ മുംബൈയിലെത്തി അദ്ദേഹം സുവിശേഷ പ്രസംഗങ്ങൾക്കപ്പുറമായി സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി മാറുകയായിരുന്നു.
2008ൽ നവി മുംബൈയിലെ, നെരുൾ ഡിവൈ പാട്ടീൽ ഹോസ്പിറ്റലിൽ അത്യാസന്ന നിലയിൽ കഴിയുന്ന ഒരു രോഗിയെ സന്ദർശിക്കുവാൻ എത്തിയ പാസ്റ്റർ റെജി തോമസും സഹപ്രവർത്തകരും കണ്ടത് അസ്ഥിപജ്ഞമായി എച്ച്ഐവി ബാധ്യതയായ ഒരു പെൺകുട്ടിയെയാണ്. പ്രാർത്ഥിച്ചനന്തരം മോൾക്ക് എന്തുവേണമെന്ന് ചോദ്യത്തിന് കുറച്ച് ന്യൂഡിൽസ് കഴിക്കണമെന്ന് ആഗ്രഹമുണ്ട് എന്ന് അവൾ പ്രതികരിച്ചു. തൊട്ടടുത്ത ദിവസം അതുമായി അവർ അവിടെ എത്തുമ്പോഴേക്കും ആ പെൺകുട്ടി ലോകത്തോട് യാത്ര പറഞ്ഞിരുന്നു. അപ്രതീക്ഷിതമായി മനസ്സിനേൽപ്പിച്ച ഈ ആഘാതത്തിൽ നിന്ന് ഊർജ്ജമുക്കൊണ്ടാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നത്. എച്ച് ഐ വി എന്ന മാരകരോഗത്തിന്റെ പിടിയിലമർന്ന് മരണത്തിലേക്ക് നടന്നടുക്കുന്ന കുഞ്ഞുങ്ങളിൽ ചിലരേയെല്ലെങ്കിലും ജീവിതത്തിലേക്ക് തിരികെ നടത്തണം, നിത്യതയുടെ അവകാശിയാക്കണം ചിലർക്കെങ്കിലും അനുഗ്രഹമായി മാറണം അങ്ങനെയാണ് ബ്ലെസ് ഫൗണ്ടേഷന് തുടക്കം കുറിക്കുന്നത്.
പ്രാരംഭ ഘട്ടങ്ങളിൽ പ്രതിബന്ധങ്ങൾ ഏറെയായിരുന്നു. അവിടെയെല്ലാം അരുമനാഥന്റെ കരുണയും കൈത്താങ്ങലും കൂടെയിരുന്നു. ഇന്ന് നിരവധി ബാല്യ- കൗമാരങ്ങൾക്ക് പ്രത്യാശയും പ്രതീക്ഷയും പ്രദാനം ചെയ്ത്, മുംബൈയിലെ മലയാളികൾക്ക് സഭാ സംഘടന വ്യത്യാസമെന്യേ അനുഗ്രഹവുമായി മാറുകയാണ് ബ്ലെസ് ഫൗണ്ടേഷൻ. എം ബി യെ പൂർത്തീകരിച്ചവർ, ഡിഗ്രിക്ക് പഠിക്കുന്നവർ, പത്താം ക്ലാസ് ഉൾപ്പെടെയുള്ള മറ്റ് ക്ലാസുകളിൽ പഠിക്കുന്ന നിരവധി കുഞ്ഞുങ്ങൾ ഇവരൊക്കെ അടങ്ങുന്നവരാണ് ‘ബ്ലെസ്സ് ഫാമിലി’.
ഒരു സംഘടനയുടെയോ സമൂഹത്തിന്റെയോ സ്ഥിരമായ ഒരു വരുമാനമാർഗം ഇല്ലെങ്കിലും, കർത്തൃകരുണക്കൊപ്പം അഭ്യുദയകാംക്ഷികളും, പ്രവർത്തനത്തെ സ്നേഹിക്കുന്നവരുമായവരുടെ പ്രാർഥനയും, സഹായവും സഹകരണവുമാണ് ഈ സ്ഥാപനത്തിൻ്റ നിലനിൽപ്പിനധാരം. പാസ്റ്റർ റെജി തോമസിന്റെ ദർശനത്തിനും കാഴ്ചപ്പാടുകൾക്കുമൊപ്പം, പ്രാർഥനയും പിന്തുണയുമായി ഭാര്യ മിനി റെജിയും മക്കളും തന്നോടൊപ്പം ഉണ്ട്.
കൂടുതൽ വിവരങ്ങൾക്ക്:
📞 +91 95949 52722
📞 +91 82915 24972

Comments are closed.