ജെറുസലെം : വിശുദ്ധ നാട്ടിലെ ക്രൈസ്തവരുടെ സാന്നിധ്യം കടുത്ത വെല്ലുവിളികളും ഞെരുക്കങ്ങളും നേരിടുകയാണെന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്’. രാഷ്ട്രീയ സംഘർഷങ്ങളും സാമ്പത്തിക പ്രതിസന്ധികളും കാരണം ക്രൈസ്തവ സമൂഹം അവിടെനിന്ന് വേരോടെ പിഴുതെറിയപ്പെടാൻ സാധ്യതയുണ്ടെന്ന് സംഘടന മുന്നറിയിപ്പ് നൽകുന്നു.
ഗാസ, വെസ്റ്റ് ബാങ്ക്, ജെറുസലേം എന്നിവിടങ്ങളിലെ ക്രൈസ്തവർ നേരിടുന്ന അടിയന്തര സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്. യുദ്ധവും സംഘർഷങ്ങളും കാരണം തീർഥാടനങ്ങളും വിനോദസഞ്ചാരവും പൂർണ്ണമായും നിലച്ചു. തീർഥാടന മേഖലയെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് ഇതോടെ കടുത്ത പട്ടിണിയിലായിരിക്കുന്നത്.
ഭാവിയിൽ പ്രതീക്ഷയില്ലാത്തതിനാൽ യുവാക്കളായ ക്രൈസ്തവർ മറ്റ് പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിതരാകുന്നു. ഇത് പ്രദേശത്തെ ക്രൈസ്തവ ജനസംഖ്യ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിച്ചു. ഗാസയിലെ ക്രൈസ്തവ സമൂഹം ഭക്ഷണവും മരുന്നും പോലുമില്ലാതെ ഭയത്തോടെയാണ് കഴിയുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

Comments are closed.