പാക്കിസ്ഥാനി ഗ്രാമത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ വ്യാപക ആക്രമണം
ലാഹോർ: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗ്രാമത്തിൽ കത്തോലിക്കാ വിശ്വാസികളെ പ്രദേശത്തെ മുസ്ലിം വിഭാഗം അതിക്രൂരമായി ആക്രമിച്ചു. ചില്ലുകഷണങ്ങൾ, കല്ലുകൾ, കോടാലി, വടികൾ തുടങ്ങിയവകൊണ്ടായിരുന്നു ആക്രമണം. ചക് 5 ഗ്രാമത്തിൽ ശനിയാഴ്ചയായിരുന്നു ആക്രമണം അരങ്ങേറിയത്.
80 കത്തോലിക്കാ കുടുംബങ്ങളാണ് ഗ്രാമത്തിലുള്ളത്. ഇരുന്നൂറിലധികം മുസ്ലിംകളാണ് ആക്രമണം നടത്തിയത്. എട്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. നിരവധി വീടുകൾ നശിപ്പിക്കപ്പെട്ടു. ചെറിയ പെൺകുട്ടികൾവരെ ആക്രമണത്തിനിരയായി. ആക്രമണത്തെത്തുടർന്ന് ഗ്രാമത്തിലെ ക്രൈസ്തവർ ഭീതിയിലാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
ഗ്രാമവാസികൾക്കു സുരക്ഷയൊരുക്കുമെന്നു പോലീസ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഘർഷത്തിനു തുടക്കമായതെന്ന് ചക് 5 സെന്റ് തോമസ് കത്തോലിക്കാ പള്ളി വികാരി ഫാ. ഖാലിദ് മുഖ്താർ പറഞ്ഞു.
കത്തോലിക്കാ യുവജനങ്ങൾ പള്ളി വൃത്തിയാക്കവേ അതുവഴി മുസ്ലിം ഭൂപ്രഭുക്കൾ കടന്നുപോയി. യുവാക്കൾ തന്റെമേൽ പൊടിയും ചവറും എറിഞ്ഞ തായി ഒരു ഭൂപ്രഭു ആരോപിച്ചു. തുടർന്ന് കത്തോലിക്കാ യുവാക്കളെ ഭൂപ്രഭുക്കളുടെ സംഘം മർദിക്കുകയായിരുന്നു. പിറ്റേദിവസം പ്രദേശത്തെ 15 വീടുകളിൽ മുസ്ലിം വിഭാഗം ആക്രമണം നടത്തി.
ഭരണകൂടത്തിന്റെ വീഴ്ചയാണ് ന്യൂനപക്ഷങ്ങൾക്കു നേരേ യുള്ള ആക്രമണത്തിനു കാരണമെന്നും വ്യക്തിവിരോധം തീർക്കാൻ മതത്തെ ഉപയോഗിക്കുകയാണെന്നും വീണ്ടും ആക്രമണം ഉണ്ടാകുമെന്നു പ്രദേശത്തെ കത്തോലിക്കർ ഭയക്കുന്നതായും ഫാ. ഖാലിദ് മുഖ്താർ പറഞ്ഞു.
