ഡൽഹിയിൽ ലോക്ഡൗൺ നീട്ടി
ന്യൂഡൽഹി: കോവിഡ് വ്യാപനം തുടരുന്ന ഡൽഹിയിൽ ലോക്ഡൗണ്‍ വീണ്ടും ഒരാഴ്ചത്തേക്കു കൂടി നീട്ടി. കോവിഡ് വ്യാപനത്തിൽ നേരിയ കുറവുണ്ടെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെ എത്താത്തതുകൊണ്ട് ലോക് ഡൗണ്‍ നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പറഞ്ഞു. മെട്രോ സർവീസ് ഉൾപ്പെടെ റദ്ദാക്കിക്കൊണ്ടുള്ള നിയന്ത്രണങ്ങൾക്കാണ് നിർദേശം.
കഴിഞ്ഞ ഏപ്രിൽ പകുതിയിൽ ഡൽഹിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനം ആയിരുന്നത് ഇപ്പോൾ 11. 32 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇത് അഞ്ചു ശതമാനത്തിൽ താഴെ എത്തുന്നതു വരെ നിയന്ത്രണങ്ങൾ തുടരണമെന്നാണ് വിദഗ്ധരുടെ നിർദേശം. ഇന്നലെ 24 മണിക്കൂറിനുള്ളിൽ 6430 പുതിയ കോവിഡ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. 337 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ അഞ്ചാമത്തെ തവണയാണ് ഡൽഹിയിൽ ലോക്ഡൗണ്‍ നീട്ടുന്നത്. ഡൽഹിയിൽ മാർച്ച് അവസാനത്തോടെയാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായത്. ഏപ്രിൽ അഞ്ചോടെ പ്രതിദിനരോഗികൾ അയ്യായിരത്തിൽ അധികമായി. രണ്ടാഴ്ച കഴിഞ്ഞതോടെ രോഗികളുടെ എണ്ണം ദിനംപ്രതി 20,000 കടന്നതോടെ രാജ്യതലസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു.
