ന്യൂയോർക്ക് : പാശ്ചാത്യ സംസ്കാരത്തിന്റെ ക്രൈസ്തവ അടിത്തറകൾ പുനർനിർണ്ണയിക്കാതെ ഇന്നത്തെ യുവാക്കൾ അതിനെ സംരക്ഷിക്കാൻ മുന്നോട്ടുവരില്ലെന്ന് മുൻ വിർജീനിയ ജനപ്രതിനിധി നിക്ക് ഫ്രീറ്റാസ്. ലണ്ടനിൽ നടന്ന എ.ആർ.സി സമ്മേളനത്തിൽ സംസാരിക്കവെയാണ് വിശ്വാസത്തിലും കുടുംബത്തിലും ഉണ്ടാകുന്ന തകർച്ചയെക്കുറിച്ച് അദ്ദേഹം ആശങ്ക പങ്കുവെച്ചത്.
ആധുനിക പുരോഗമനവാദങ്ങൾ പുരുഷത്വത്തെ ദോഷകരമായി ചിത്രീകരിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളെ തളർത്താനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പരമ്പരാഗത കുടുംബ വ്യവസ്ഥയെ തകർക്കാനും പിതാവിന്റെ സ്ഥാനത്ത് ഭരണകൂടത്തെ പ്രതിഷ്ഠിക്കാനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് ദശാബ്ദങ്ങളായി ഇവിടെ നടക്കുന്നതെന്നും ഫ്രീറ്റാസ് ചൂണ്ടിക്കാട്ടി.
ഭരണകൂടങ്ങൾക്ക് ഒരിക്കലും ഒരു പിതാവിന്റെ ചുമതലകൾ ഭംഗിയായി നിർവ്വഹിക്കാൻ കഴിയില്ലെന്ന് സ്വന്തം കുടുംബാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. ദൈവവിശ്വാസത്തിലും ശരിയായ മൂല്യങ്ങളിലും അധിഷ്ഠിതമായ പാതയിലൂടെ സഞ്ചരിക്കാൻ യുവാക്കളെ പ്രാപ്തരാക്കുകയാണ് ഈ പ്രതിസന്ധിക്കുള്ള ഏക പരിഹാരമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Comments are closed.