*കെനിയൻ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വിപുലമായ പ്രാർത്ഥനാ പ്രസ്ഥാനവുമായി ഇവാഞ്ചലിക്കൽ സഭാ നേതൃത്വം*
കെനിയ : 2027-ൽ നടക്കാനിരിക്കുന്ന കെനിയൻ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് സമാധാനവും ആത്മീയ ഉണർവ്വും ലക്ഷ്യമിട്ട് ഇവാഞ്ചലിക്കൽ സഭാ നേതാക്കൾ ‘കെനിയ നാഷണൽ പ്രയർ ആൻഡ് ട്രാൻസ്ഫോർമേഷൻ മൂവ്മെന്റ്’ ഔദ്യോഗികമായി ആരംഭിച്ചു. നെയ്റോബിയിൽ വെച്ച് മെയ് 4-ന് നടന്ന പ്രത്യേക സമ്മേളനത്തിലാണ് “എന്റെ രാജ്യം, എന്റെ ഉത്തരവാദിത്തം” എന്ന പ്രമേയത്തെ ആസ്പദമാക്കി ഈ പുതിയ മുന്നേറ്റത്തിന് തുടക്കമിട്ടത്. വിവിധ ഇവാഞ്ചലിക്കൽ സഭകളിൽ നിന്നുള്ള ബിഷപ്പുമാർ, പാസ്റ്റർമാർ, പ്രാർത്ഥനാ ഗ്രൂപ്പുകൾ എന്നിവർ ഈ കൂട്ടായ്മയിൽ പങ്കെടുത്തു.
നിലവിൽ രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി, രാഷ്ട്രീയ സംഘർഷങ്ങൾ, അഴിമതി, യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, ജീവിതച്ചെലവ് എന്നിവ മൂലമുണ്ടാകുന്ന സാമൂഹിക ആശങ്കകൾ സഭാ നേതൃത്വം പുറത്തിറക്കിയ ഔദ്യോഗിക സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. ഈ പ്രതിസന്ധികളിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കാൻ പ്രാർത്ഥനയും മാനസാന്തരവും ഉത്തരവാദിത്തമുള്ള പൗരബോധവും അനിവാര്യമാണെന്ന് നേതാക്കൾ ഓർമ്മിപ്പിച്ചു. രാജ്യത്തെ 47 കൗണ്ടികളിലും സജീവമായ പ്രാർത്ഥനാ ശൃംഖലകൾ സ്ഥാപിക്കുകയാണ് ഈ പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യം.
തിരഞ്ഞെടുപ്പ് കാലത്തെ അക്രമങ്ങൾ ഒഴിവാക്കാനും സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കാനുമായി ഒരു ദശലക്ഷത്തിലധികം (10 ലക്ഷം) പ്രാർത്ഥനാ പങ്കാളികളെ ഇതിലൂടെ അണിനിരത്തും. “ഇതൊരു ആത്മീയമായ ദൗത്യവും ദേശീയ ആഹ്വാനവുമാണ്; ദേശത്തിന്റെ സൗഖ്യത്തിനായി സഭ അതിന്റെ പ്രവാചക ദൗത്യത്തിലേക്കും പുരോഹിത ഉത്തരവാദിത്തത്തിലേക്കും കടന്നുവരുന്ന നിമിഷമാണിത്,” എന്ന് സഭാ നേതാക്കൾ വ്യക്തമാക്കി. കെനിയയിലെ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷത്തിൽ സുസ്ഥിരമായ സമാധാനം കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള ഈ നീക്കം ആഫ്രിക്കൻ ക്രൈസ്തവ സമൂഹങ്ങൾക്കിടയിൽ എ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.

Comments are closed.