വാഷിംഗ്ടൺ: തന്റെ രൂപം യേശുക്രിസ്തുവിനോട് ഉപമിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നിർമിത ചിത്രം പങ്കുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. അമേരിക്കൻ പതാകയുടെയും യുദ്ധവിമാനങ്ങളുടെയും പശ്ചാത്തലത്തിൽ, രോഗികളെ അനുഗ്രഹിക്കുന്ന ക്രിസ്തുവായാണ് ട്രംപിനെ ചിത്രീകരിച്ചിരിക്കുന്നത്. മാർപ്പാപ്പയെ രൂക്ഷമായി വിമർശിച്ചതിന് തൊട്ടുപിന്നാലെയാണ് നടപടി.
ഇറാൻ-ഇസ്രയേൽ യുദ്ധവിഷയത്തിൽ സമാധാനത്തിന് ആഹ്വാനം ചെയ്ത പോപ്പ് ലിയോ പതിനാലാമനെ ട്രംപ് തള്ളിക്കളഞ്ഞു. മാർപ്പാപ്പ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ദുർബലനാണെന്നും തീവ്ര ഇടതുപക്ഷത്തെ പ്രീണിപ്പിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. തനിക്ക് മാർപ്പാപ്പയുടെ ഉപദേശം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രംപിന്റെ ഈ പ്രവർത്തി ‘ദൈവനിന്ദ’ ആണെന്ന് ആരോപിച്ച് മതനേതാക്കളും വിശ്വാസികളും രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ ലാഭത്തിനായി മതചിഹ്നങ്ങളെ ദുരുപയോഗം ചെയ്യുന്നത് അപകടകരമാണെന്ന് പലരും മുന്നറിയിപ്പ് നൽകുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ വോട്ടർമാരെ സ്വാധീനിക്കാനാണ് ട്രംപ് ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നാണ് വിലയിരുത്തൽ.

Comments are closed.