Ultimate magazine theme for WordPress.

*പ്രതിപക്ഷ പ്രതിഷേധം ശക്തം; വിവാദ എഫ്.സി.ആർ.എ ബിൽ ചർച്ചയ്ക്കെടുക്കാതെ കേന്ദ്ര സർക്കാർ മാറ്റിവച്ചു*

*

 

ന്യൂഡൽഹി: ലോക്സഭയിൽ അവതരിപ്പിക്കാനിരുന്ന വിവാദമായ എഫ്.സി.ആർ.എ നിയമഭേദഗതി ബിൽ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് കേന്ദ്ര സർക്കാർ മാറ്റിവച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഈ ബിൽ തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്കയും സർക്കാരിന്റെ പിന്മാറ്റത്തിന് പിന്നിലുണ്ടെന്നാണ് സൂചന. കേരളത്തിൽ നിന്നുള്ള എം.പിമാർ ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങൾ സഭയിൽ വലിയ പ്രതിഷേധം ഉയർത്തിയതോടെയാണ് ചർച്ച വേണ്ടെന്നു വയ്ക്കാൻ സർക്കാർ തീരുമാനിച്ചത്.

ലോക്സഭ ചേർന്ന ഉടൻ തന്നെ പ്രതിപക്ഷം ബില്ലിനെതിരെ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി. ചോദ്യോത്തര വേള തടസ്സപ്പെടുമെന്ന സാഹചര്യം വന്നതോടെ പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു ഇടപെടുകയായിരുന്നു. ബിൽ ഇന്ന് ചർച്ചയ്ക്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ഏതെങ്കിലും പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെച്ചല്ല നിയമഭേദഗതിയെന്നും ആവർത്തിച്ചു. കോൺഗ്രസും സി.പി.എമ്മും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള തന്ത്രമാണിതെന്നും ബിൽ പൂർണ്ണമായും പിൻവലിക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിന്റെ സമ്മർദ്ദവും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ക്രൈസ്തവ സമുദായം ബില്ലിനെതിരെ രംഗത്തുവന്നാൽ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് സംസ്ഥാന നേതൃത്വം കേന്ദ്രത്തെ അറിയിച്ചിരുന്നു. ബിൽ അടുത്ത സമ്മേളനത്തിൽ വീണ്ടും കൊണ്ടുവരാനാണ് സർക്കാരിന്റെ നീക്കമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പ്രതികരിച്ചു. സഭയ്ക്ക് പുറത്തും എം.പിമാർ ബില്ലിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

Sharjah city AG

Comments are closed.