ഡൽഹി: കേന്ദ്ര സർക്കാരിന്റെ നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (NSDC) ആഗ്രയിൽ സംഘടിപ്പിച്ച നോർത്തേൺ റീജിയണൽ മത്സരത്തിൽ സിൽവർ മെഡൽ കരസ്ഥമാക്കി ബ്രിൺലി ഡെന്നി.
ഇരുപതിലധികം വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ ‘ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ’ വിഭാഗത്തിൽ ഡൽഹിയെ പ്രതിനിധീകരിച്ചാണ് ബ്രിൺലി ഈ അഭിമാന നേട്ടം കൈവരിച്ചത്. മെഡലിനൊപ്പം 50,000 രൂപയുടെ പുരസ്കാരവും ലഭിച്ചു.
നിലവിൽ രണ്ടാം വർഷ നഴ്സിംഗ് ബിരുദ വിദ്യാർത്ഥിനിയായ ബ്രിൺലി, ഡെന്നി പി. മാത്യുവിന്റേയും ഷൈനിയുടേയും മകളാണ്. ഇന്ത്യാ ദൈവസഭ സെൻട്രൽ വെസ്റ്റ് റീജിയൻ സീനിയർ ശുശ്രൂഷകനായ പാസ്റ്റർ പി.എം. മാത്യുവിന്റെ കൊച്ചുമകളായ ബ്രിൺലി സാകേത് ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ സഭാംഗവുമാണ്. സഭയുടെ യുവജന പ്രസ്ഥാനമായ വൈ.പി.ഇ-യുടെ പ്രവർത്തനങ്ങളിലും സജീവം.
മേഖലാതല മത്സരത്തിലെ മികച്ച വിജയത്തിന് പിന്നാലെ, ഉടൻ നടക്കാനിരിക്കുന്ന ദേശീയതല മത്സരങ്ങൾക്കായുള്ള തീവ്രമായ തയ്യാറെടുപ്പിലാണ് ബ്രിൺലി ഇപ്പോൾ. ആരോഗ്യ പരിരക്ഷാ രംഗത്തെ നൈപുണ്യം ദേശീയ തലത്തിലും തെളിയിക്കാനൊരുങ്ങുന്ന ഈ മിടുക്കിക്ക് വലിയ പിന്തുണയാണ് സഭയിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്നത്.

Comments are closed.