Ultimate magazine theme for WordPress.

നൈജീരിയയിൽ വീണ്ടും ക്രൈസ്തവ വേട്ട; സെന്റ് മേരീസ് ഇടവക തീയിട്ടു നശിപ്പിച്ചു

നൈജീരിയ : നൈജീരിയയിലെ ക്രോസ് റിവർ സംസ്ഥാനത്ത് കത്തോലിക്കാ ദൈവാലയത്തിന് നേരെ അജ്ഞാതരുടെ ക്രൂരമായ ആക്രമണം. ബോക്കി ലോക്കൽ ഗവൺമെന്റ് പരിധിയിലുള്ള സെന്റ് മേരീസ് ക്വാസി ഇടവകയാണ് ഫെബ്രുവരി 26-ന് പുലർച്ചെ മൂന്ന് മണിയോടെ അക്രമികൾ തീയിട്ടു നശിപ്പിച്ചത്. പള്ളിയുടെ വാതിലുകൾ തകർത്ത് അകത്തുകടന്ന സംഘം ബലിപീഠത്തിനും വസ്തുക്കൾക്കും ബോധപൂർവ്വം തീയിടുകയായിരുന്നു. ആക്രമണത്തിൽ ദൈവാലയത്തിന്റെ ഭൂരിഭാഗവും കത്തിയമർന്നു.

ദൈവാലയത്തിന് പുറമെ വികാരിയുടെ രണ്ട് കാറുകളും അക്രമികൾ പൂർണ്ണമായും കത്തിച്ചു. ഇടവകയുടെ ചരിത്രരേഖകളും ആർക്കൈവ്സുകളും സൂക്ഷിച്ചിരുന്ന സങ്കീർത്തി തിരഞ്ഞുപിടിച്ച് നശിപ്പിച്ചത് ഇത് ആസൂത്രിതമായ നീക്കമാണെന്ന് വ്യക്തമാക്കുന്നു. സമീപവാസികളും ഫയർഫോഴ്സും ചേർന്നാണ് തീ മറ്റു കെട്ടിടങ്ങളിലേക്ക് പടരുന്നത് തടഞ്ഞത്. സംഭവത്തിൽ ഒഗോജ രൂപതയും പ്രാദേശിക വിശ്വാസികളും കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും കുറ്റവാളികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

നൈജീരിയയുടെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന അസഹിഷ്ണുതയുടെ തുടർച്ചയാണിതെന്ന് കരുതപ്പെടുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല. കടുത്ത സുരക്ഷാ ഭീഷണിക്കിടയിലും വിശ്വാസികൾ പള്ളിക്ക് മുന്നിൽ ഒത്തുകൂടി പ്രാർത്ഥനകൾ നടത്തി.

Sharjah city AG

Comments are closed.