ലേഖകനോടൊപ്പം: 02
പ്രിൻസ് കെ എസ്
നാസികൾക്ക് മാപ്പ് കൊടുത്ത കൊരി ടെൻ ബൂം എന്ന പുസ്തകത്തെ കുറിച്ച് എഴുത്തുകാരനായ പ്രകാശ് പി കോശി ക്രിസ്ത്യൻ ലൈവ് പ്രതിനിധി പ്രിൻസ് കെ എസുമായി സംസാരിക്കുന്നു
പുസ്തകം നാസികൾക്ക് മാപ്പ് കൊടുത്ത കൊരി ടെൻ ബൂം
കണ്ണീരിൽ വിരിഞ്ഞ പുഞ്ചിരി
1) ഈ വിഷയത്തെക്കുറിച്ച് ഇത്രയും ആഴത്തിൽ പഠിക്കാനും വിവരങ്ങൾ ശേഖരിക്കാനും താങ്കൾ എത്രത്തോളം സമയം ചെലവഴിച്ചു? എന്തൊക്കെയായിരുന്നു പ്രധാന സ്രോതസ്സുകൾ?
ഹോളക്കോസ്റ്റ് എന്റെ വായനയിലെ ഒരു പ്രധാനപ്പെട്ട വിഷയമായിരുന്നതു കൊണ്ട് വർഷങ്ങൾക്കു മുമ്പേ ഈ വിഷയം പ്രമേയമായ ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കുമായിരുന്നു. നാസികൾക്കു മാപ്പു കൊടുത്ത കോരി ടെൻ ബൂം എന്ന പുസ്തകത്തിന്റെ ഗവേഷണത്തിനും രചനയ്ക്കും പത്തു മാസം ചെലവഴിച്ചു. ഈ പുസ്തകം ഒരു ജീവചരിത്രമായതുകൊണ്ട് കോരി ടെൻ ബൂമിന്റെ ജീവിതവും എഴുത്തുകളുമായി ബന്ധപ്പെട്ട പുസ്തകങ്ങളാണ് ഗവേഷണത്തിനായി ഉപയോഗിച്ചത്. മിക്ക പുസ്തകങ്ങളും ഇന്ത്യയിൽ ലഭ്യമാകാത്തതുകൊണ്ട് വിദേശരാജ്യങ്ങളിൽ നിന്നാണ് അവ വരുത്തിയത്. ഈ പുസ്തകത്തിന്റെ പശ്ചാത്തലം ഹോളക്കോസ്റ്റ് ആയതുകൊണ്ട് അതുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങളും ഡോക്യുമെന്ററികളും ലേഖനങ്ങളും വിവിധ ഭാഷകളിലുള്ള സിനിമകളും കോൺസെൻട്രേഷൻ ക്യാമ്പുകളുടെ വെറുച്വൽ ടൂറും ഇതിന്റെ ഗവേഷണത്തിനായി ഉപയോഗിച്ചു.
2) ഈ വിഷയത്തിൽ ഇതിനകം തന്നെ പല പുസ്തകങ്ങളും ഉണ്ടാകാം. അവയിൽ നിന്നെല്ലാം താങ്കളുടെ ഈ ഗ്രന്ഥത്തെ വ്യത്യസ്തമാക്കുന്ന ഘടകം എന്താണ്?
കോരി ടെൻ ബൂമിന്റെ ജീവതവുമായി ബന്ധപ്പെട്ട മറ്റു പുസ്തകങ്ങൾ ഇപ്പോൾ മലയാളത്തിൽ ഉണ്ടെന്നു തോന്നുന്നില്ല. എന്നാൽ, ഇംഗ്ലീഷ് ഭാഷയിൽ ധാരാളം പുസ്തകങ്ങളുണ്ട്. കോരിയുടെ ആത്മകഥയും നിരവധി ജീവചരിത്രങ്ങളും
അനുഭവകുറിപ്പുകളും ധ്യാനങ്ങളും അവയിൽപ്പെടുന്നു. ഈ പുസ്തകങ്ങളിൽനിന്നുള്ള വിവരങ്ങളും അനുഭവങ്ങളും നാസികൾക്കു മാപ്പു കൊടുത്ത കോരി ടെൻ ബൂമിൽ ഉൾപ്പെടുത്തിയതുകൊണ്ട് ആ പുസ്തകങ്ങളിൽ നിന്നെല്ലാം ഇത് വ്യത്യസ്തമാണ്. അതായത്, കോരി ടെൻ ബൂമിനെപ്പറ്റിയുള്ള പ്രധാനപ്പെട്ട 10 പുസ്തകങ്ങൾ ഇംഗ്ലീഷിൽ വായിച്ച് സമയം ചെലവഴിക്കുന്നതിനേക്കാൾ നല്ലത് ഈയൊരു പുസ്തകം വായിക്കുന്നതായിരിക്കും. പുസ്തകത്തിന്റെ ഈ പ്രത്യേകത വായനക്കാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
3) സങ്കീർണ്ണമായ അറിവുകളെ സാധാരണക്കാരായ വായനക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ലളിതമായി അവതരിപ്പിക്കാൻ താങ്കൾ സ്വീകരിച്ച രീതി എന്താണ്?
ചുരുക്കിപ്പറഞ്ഞാൽ ഈ പുസ്തകത്തിന്റെ ശൈലിയെ “കണ്ണീരിൽ വിരിഞ്ഞ പുഞ്ചിരി” എന്നു വിശേഷിപ്പിക്കാം. മിക്ക ഹോളക്കോസ്റ്റ് പുസ്തകങ്ങളും ബീഭത്സകമായ ക്രൂരതകളുടെയും നിസ്സഹായരായ മനുഷ്യർ കടന്നുപോയ ദുരിതങ്ങളുടെയും തീച്ചൂളയുടെയും വിവരണങ്ങളാണ്. നാസികൾക്ക് മാപ്പ് കൊടുത്ത കോരിയിലും അങ്ങനെയുള്ള വിവരണങ്ങൾ പരിമിതമായിട്ടുണ്ട്, എന്നിരുന്നാലും അവയിൽ നിന്നെല്ലാം ഈ പുസ്തകം വ്യത്യസ്തമാണ്. മറ്റു പുസ്തകങ്ങളിൽ മരിക്കാൻ വിധിക്കപ്പെട്ടവരുടെ അലമുറകളുടെ വിവരണമാണെങ്കിൽ, നാസികൾക്ക് മാപ്പ് കൊടുത്ത കോരി അവരുടെ ഇടറിയ ശബ്ദത്തിൽ നിന്നുയർന്ന സ്തുതി ഗീതങ്ങളെപ്പറ്റി പറയുന്നു.
മറ്റു പുസ്തകങ്ങൾ പട്ടിണി കിടന്ന് ഇഞ്ചിഞ്ചായി മരിക്കാൻ വിധിക്കപ്പെട്ടവരുടെ ഗദ്ഗദങ്ങൾ രേഖപ്പെടുത്തുമ്പോൾ, “നാസികൾക്ക് മാപ്പ് കൊടുത്ത കോരിയിൽ” അങ്ങനെയുള്ളവരുടെ നാവിൽ നിന്ന് ഉയർന്ന സ്നേഹസങ്കീർത്തനങ്ങളെപ്പറ്റി പറയുന്നു. അതുകൊണ്ട് തന്നെ “നാസികൾക്ക് മാപ്പ് കൊടുത്ത കോരി” കണ്ണീരിന്റെ കഥയല്ല, പകരം കണ്ണീരിൽ വിരിഞ്ഞ പുഞ്ചിരിയുടെ കഥയാണ്. മരണത്തിലേക്ക് പ്രത്യാശയോടെ നടന്നുപോയ സ്നേഹസമ്പന്നരായ ഒരു കൂട്ടം മനുഷ്യരുടെ കഥ. ഈ പുസ്തകത്തിന്റെ ശൈലി വിഷാദത്തിന്റെ നൂൽമഴയിൽ വിരിഞ്ഞ സ്നേഹത്തിന്റെ മഴവില്ല് പോലെയാണ്.
4. വസ്തുതകൾ ശേഖരിക്കുമ്പോഴോ അവ വിശകലനം ചെയ്യുമ്പോഴോ ഏറ്റവും വലിയ തടസ്സമായി തോന്നിയത് എന്താണ്?
1983-ലാണ് കോരി ടെൻ ബൂം മരിച്ചത്. അവരുടെ സമകാലികരെയോ അവരോടൊപ്പം പ്രവർത്തിച്ചവരെയോ സന്ധിച്ച് വിവരങ്ങൾ ശേഖരിക്കുന്നത് പ്രായോഗികമല്ലായിരുന്നു. കൂടാതെ, ലൊക്കേഷൻ സന്ദർശിക്കാൻ കഴിഞ്ഞില്ല. എന്നാൽ, ഹോളണ്ടിലെ ടെൻ ബൂം മ്യൂസിയത്തിനും ജർമ്മനിയിലെ റാവൻസ്ബ്രൂക്ക് കോൺസെൻട്രേഷൻ ക്യാമ്പിനും വെർച്വൽ ടൂർ സംവിധാനം ഉണ്ടായതുകൊണ്ട് ആ കെട്ടിടങ്ങളും പ്രദേശങ്ങളും ആ രീതിയിൽ കാണാൻ കഴിഞ്ഞു.
5) ഇന്നത്തെ കാലഘട്ടത്തിൽ ഈ പഠനത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് താങ്കൾ കരുതുന്നത്?
വെറുപ്പും ഫാസിസ്റ്റ് പ്രവണതകളും വീണ്ടും തലപൊക്കുന്ന ഈ കാലയളവിൽ ഈ പുസ്തകം അതിന്റെ ഭവിഷ്യത്തുകളുടെ നേർചിത്രം വരച്ചുകാട്ടുന്നു. ഒരു സാധാരണ വായനക്കാരെനെ സംബന്ധിച്ച് ഹോളക്കോസ്റ്റ് സാഹിത്യമെന്നാൽ ആനി ഫ്രാങ്കിന്റെ ജീവിതകഥയാണ്. എന്നാൽ, നാസികൾക്കു മാപ്പു കൊടുത്ത കോരി ടെൻ ബൂം ഹോളക്കോസ്റ്റിന്റെ ക്രിസ്തീയ പ്രതികരണവും മറ്റൊരു തലവും അടയാളപ്പെടുത്തുന്നു.

Comments are closed.