ആയിരങ്ങള്‍ക്ക് ജീവശ്വാസം നല്‍കി; ഷാനവാസ് എന്ന ‘ഓക്‌സിജന്‍ മാന്‍
മുംബൈ: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ പെട്ട് ജനങ്ങള്‍ ശ്വാസം കിട്ടാതെ മരിക്കുമ്പോള്‍ തന്റെ പ്രിയപ്പെട്ട വാഹനം വിറ്റ് ആയിരങ്ങള്‍ക്ക് ജീവശ്വാസം നല്‍കിയ യുവാവാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരം. ഓക്‌സിജന്‍ സിലിണ്ടറുകളുടെ അഭാവം മൂലം രാജ്യത്ത് ആയിരങ്ങള്‍ മരിച്ചു വീണപ്പോഴാണ് മുംബൈ സ്വദേശി ഷാനവാസ് ഷെയ്ക്ക് തന്റെ പ്രിയപ്പെട്ട എസ് യുവി വിറ്റ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കായി പണം കണ്ടെത്തിയത്. മുംബൈ മലാദ് സ്വദേശിയാണ് ഷാനവാസ്. കാര്‍ വിറ്റപ്പോള്‍ ലഭിച്ച 22 ലക്ഷം രൂപയ്ക്ക് 160 ഓക്‌സിജന്‍ സിലിണ്ടര്‍ വാങ്ങി സ്വന്തം നാട്ടിലുള്ളവര്‍ക്ക് നല്‍കി. ഇതുവരെ 4000ത്തോളം പേര്‍ക്ക് ഷാനവാസ് പ്രാണവായു എത്തിച്ചു നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓക്‌സിജന്‍ ലഭിക്കാതെ ഒരു സുഹൃത്തിന്റെ ഭാര്യ മരിച്ചു. ഇത് ഷാനവാസിനെ വല്ലാതെ വേദനിപ്പിച്ചു. അന്ന് മുതലാണ് ആവശ്യക്കാര്‍ക്ക് പ്രാണവായു നല്‍കാനായി ഷാനവാസ് നെട്ടോട്ടം ഓടാന്‍ തുടങ്ങിയത്. എന്തായാലും രാജ്യം കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ബുദ്ധിമുട്ടുമ്പോൾ ഇത്തരം ചെറുപ്പക്കാരുടെ നല്ല മനസ്സ് എല്ലാവർക്കും പ്രചോദനമാകുമെന്ന കാര്യത്തിൽ സംശയമില്ല.
