ടെക്സസ്: പതിനായിരക്കണക്കിന് യുവാക്കൾ പങ്കെടുത്ത പാഷൻ 2026 കോൺഫറൻസിൽ ക്രിസ്തീയ വിശ്വാസത്തിന്റെ ആഴമേറിയ സത്യങ്ങൾ പങ്കുവെച്ച് പ്രശസ്ത എഴുത്തുകാരിയും ബൈബിൾ അധ്യാപികയുമായ ജാക്കി ഹിൽ പെറി. അർലിംഗ്ടണിലെ ഗ്ലോബ് ലൈഫ് ഫീൽഡിൽ നടന്ന സമ്മേളനത്തിൽ സ്വയം രക്ഷിക്കാൻ ശ്രമിക്കുന്ന മനുഷ്യനും രക്ഷകനായ ക്രിസ്തുവും എന്ന വിഷയത്തിലൂന്നിയാണ് അവർ സംസാരിച്ചത്.
1997-ലെ വിഖ്യാത ചലച്ചിത്രം ടൈറ്റാനിക്കിലെ ഒരു രംഗം ഉദ്ധരിച്ചാണ് പെറി പ്രസംഗം ആരംഭിച്ചത്. മറ്റുള്ളവർക്ക് വേണ്ടി ജീവൻ നൽകുന്ന ജാക്കിനെപ്പോലെയുള്ള നായകന്മാരെയാണ് ലോകം ഇഷ്ടപ്പെടുന്നത്. എന്നാൽ യഥാർത്ഥത്തിൽ മനുഷ്യർ ജാക്കിനെപ്പോലെയല്ല മറിച്ച് രക്ഷിക്കപ്പെടാൻ മറ്റൊരാളുടെ സഹായം ആവശ്യമുള്ള റോസിനെപ്പോലെയാണെന്ന് അവർ പറഞ്ഞു. ലൂക്കോസ് 23-ാം അധ്യായത്തെ ആസ്പദമാക്കി സംസാരിച്ച പെറി യേശുക്രിസ്തുവിനെ ക്രൂശിച്ച സമയത്ത് ചുറ്റുമുള്ളവർ ഉയർത്തിയ നീ നിന്നെത്തന്നെ രക്ഷിക്കുക എന്ന വെല്ലുവിളിയെ വിശകലനം ചെയ്തു. യേശുവിന്റെ മരണം ഒരു പരാജയമല്ലായിരുന്നുവെന്നും അത് ദൈവത്തിന്റെ കൃത്യമായ പദ്ധതിയായിരുന്നുവെന്നും യേശു ക്രൂശിലേറ്റപ്പെട്ടത് അവൻ ഒരു കുറ്റവാളിയായതുകൊണ്ടല്ല മറിച്ച് നമ്മൾ കുറ്റവാളികളായതുകൊണ്ടാണ്. ആ മധ്യത്തിലെ ക്രൂശിൽ കിടന്ന മനുഷ്യനല്ല രക്ഷ ആവശ്യമുള്ളത് അത് നമുക്കാണെന്നും പെറി പറഞ്ഞു.

Comments are closed.