ഇനി വാദം വീഡിയോ കോൺഫറൻസിലൂടെ; സുപ്രീം കോടതിയിലെ 50 ശതമാനം ജീവനക്കാർക്ക് കൊവിഡ്
ന്യൂഡൽഹി: സുപ്രീം കോടതിയിൽ കൊവിഡ്-19 കേസുകൾ വ്യാപിക്കുന്നു. അമ്പത് ശതമാനത്തോളം ജീവനക്കാർക്ക് രോഗബാധ സ്ഥിരീകരിച്ചു. നിരവധി ജീവനക്കാർ നിരീക്ഷണത്തിൽ കഴിയുകയാണ്. കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ വീഡിയോ കോൺഫറൻസിലൂടെ വീടുകളിലിരുന്ന് ജഡ്‌ജിമാർ കേസുകൾ കേൾക്കും. കോടതി മുറികളും ബന്ധപ്പെട്ട ഓഫീസുകളും അണുവിമുക്തമാക്കുകയാണ്. കൊവിഡ് വ്യാപനത്തിൻ്റെ ആദ്യഘട്ടത്തിൽ സുപ്രീംകോടതിയിലെ ആറ് ജഡ്‌ജിമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. വീഡിയോ കോൺഫറൻസിലൂടെ കേസുകൾ കേൾക്കാൻ തീരുമാനിച്ചതിനാൽ വാദം കേൾക്കുന്നത് ഒരു മണിക്കൂർ വൈകി. ജഡ്‌ജിമാരിൽ ആർക്കെങ്കിലും കൊവിഡ് സ്ഥിരീകരിച്ചോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല. അതേസമയം, രാജ്യത്ത് കൊവിഡ് കേസുകൾ കുതിക്കുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,912 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,35,27,717 ആയി ഉയർന്നു.
