ഭോപ്പാൽ : മതപരിവർത്തനം നടത്തുന്നവർക്ക് വധശിക്ഷ നൽകാൻ നിയമം ഭേദഗതി ചെയ്യുമെന്ന മധ്യപ്രദേശ് സർക്കാരിന്റെ തീരുമാനത്തിനെതിരേ പ്രതികരിച്ച് ക്രൈസ്തവർ. തീരുമാനം ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ക്രൈസ്തവ നേതാക്കൾ ചൂണ്ടിക്കാട്ടി.
വനിതാ ദിനത്തോടനുബന്ധിച്ച് ഭോപ്പാലിൽ ഒരു ചടങ്ങിൽ പ്രസംഗിക്കവൈ മുഖ്യമന്ത്രി മോഹൻ യാദവാണ് മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തിൽ മതപരിവർത്തനത്തിന് വധശിക്ഷ നൽകുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തുമെന്നു പ്രഖ്യാപിച്ചത്. മതപരിവർത്തനത്തിന് വധശിക്ഷ നിർദേശിക്കുന്നത് വിചിത്രമാണെന്നും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും വിലമതിക്കുന്ന എല്ലാവരും ഇതിനെ അപലപിക്കാൻ തയാറാകണമെന്നും ജെസ്യൂട്ട് വൈദികനും സമാധാനപ്രവർത്തകനുമായ ഫാ. സെഡ്രിക് പ്രകാശ് പറഞ്ഞു.
