വാഷിംഗ്ടൺ : എല്ലാ ബന്ദികളെയും ശനിയാഴ്ച അവസാനിക്കുന്നതിന് മുൻപ് ഹമാസ് വിട്ടയച്ചില്ലെങ്കിൽ വീണ്ടും ഗാസയിൽ നരകം സൃഷ്ടിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജനുവരി 19ന് പ്രാബല്യത്തിൽ വന്ന ആറ് ആഴ്ചത്തെ വെടിനിർത്തൽ കരാറിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ബന്ദികളെ ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് മധ്യപൂർവദേശ വിഷയത്തിൽ യുഎസ് പ്രസിഡന്റ് വീണ്ടും ഇടപെട്ടത്.
ഗാസയിലെ തടവുകാരെ ഘട്ടം ഘട്ടമായിട്ടല്ല, ഒറ്റയടിക്ക് മോചിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.ഗാസയിൽ നിന്ന് കുടിയൊഴിപ്പിക്കുന്ന പാലസ്തീനികളെ സ്വീകരിച്ചില്ലെങ്കിൽ ജോർദാനിലേക്കും ഈജിപ്തിലേക്കും ഉള്ള സൈനിക, സാമ്പത്തിക സഹായം നിർത്തലാക്കുമെന്നും ട്രംപ് പറഞ്ഞു. ഈ കരാർ വിഷയത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെ മറികടക്കാൻ ശ്രമിച്ചേക്കാമെന്നും ട്രംപ് പറഞ്ഞു.
