പറന്തൽ: ദൈവത്തിൻ്റെ ആത്മീയ അനുഗ്രഹങ്ങൾ ലഭിക്കുന്ന ഇടമാണ് ദൈവസഭയെന്നും അത് ദൈവത്തോട് ചോദിച്ചു വാങ്ങുവാൻ ദൈവജനം തയ്യാറാകണമെന്നും അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ. അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷനിൽ ഞായറാഴ്ച സംയുക്ത ആരാധനയിൽ സമാപന സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
ആത്മീയ അനുഗ്രഹങ്ങൾക്കായി പ്രാർത്ഥിക്കണം. ഭൗതിക ആവശ്യങ്ങൾക്കായി ആഗ്രഹിക്കുന്നതിനുമപ്പുറം ദൈവജനം കാംക്ഷിക്കേണ്ടത് ആത്മീയ നന്മകളാണ്.
ലോകത്തിലെ സകല മനുഷ്യർക്കായി പ്രാർത്ഥിക്കേണ്ടത് വിശ്വാസികളുടെ ദൗത്യമാണ്. ഈ വർഷം അസംബ്ലീസ് ഓഫ് ഗോഡ് പ്രാർത്ഥനാ വർഷമായി വേർതിരിക്കുകയാണ്. ലോകത്തിൻ്റെ സമാധാനത്തിനും രക്ഷക്കും വേണ്ടി പ്രാർത്ഥിക്കാനും പ്രവർത്തിക്കാനും ദൈവജനം ഉണർന്നു പ്രവർത്തിക്കണമെന്നും പാസ്റ്റർ ടി.ജെ. സാമുവേൽ ആഹ്വാനം ചെയ്തു.
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് സങ്കീർത്തന ധ്യാനം നടത്തി. സഭാ സംസ്ഥാന അസിസ്റ്റൻ്റ് സൂപ്രണ്ട് പാസ്റ്റർ ഡോ.ഐസക് വി മാത്യു അദ്ധ്യക്ഷനായിരുന്നു. സിസ്റ്റർ സാറാ ജോർജ്, ബ്രദർ ഫിലിപ്പ് സാമുവേൽ, പാസ്റ്റർ പ്രഭ ടി തങ്കച്ചൻ എന്നിവർ മദ്ധ്യസ്ഥ പ്രാർത്ഥന നയിച്ചു. സൗത്തിന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി റവ.കെ.ജെ. മാത്യൂ,
പി.സി.തോമസ്, പാസ്റ്റർ ജസ്റ്റസ് ,പാസ്റ്റർ ബിജി ഫിലിപ്പ്, പാസ്റ്റർ ഷാജൻ ജോൺ ഇടയ്ക്കാട്, മറിയാമ്മ സാമുവേൽ, ഡോ.ടി.കെ.കോശി വൈദ്യൻ, പാസ്റ്റർ ജോണിക്കുട്ടി വർഗീസ്, ജോർജ് മത്തായി, റോയി യോഹന്നാൻ, പാസ്റ്റർ പി.എം.ജോയി, സൂസൻ ചെറിയാൻ, പാസ്റ്റർ ജോമോൻ കുരുവിള, ഡേവിഡ് സാമുവേൽ തുടങ്ങിയവർ സന്ദേശം നല്കി. പാസ്റ്റർ ജോർജ് മാത്യു പ്രാരംഭ പ്രാർത്ഥനയും പാസ്റ്റർ ബിനു വി.എസ് സമർപ്പണ പ്രാർത്ഥനയും പാസ്റ്റർ സജി.പി പ്രത്യേക പ്രാർത്ഥനയും പാസ്റ്റർ പി.ബേബി സമാപന പ്രാർത്ഥനയും നടത്തി. ഡോ.ഐസക് വി മാത്യു തിരുവത്താഴ ശുശ്രുഷയ്ക്കുള്ള സന്ദേശം നല്കി സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ തിരുവത്താഴ ശുശ്രുഷയ്ക്ക് നേതൃത്വം നല്കി. പാസ്റ്റർ ഷോജി കോശിയുടെ നേതൃത്വത്തിൽ മുന്നൂറ്റിയമ്പതിലധികം പാസ്റ്റർമാർ തിരുവത്താഴത്തിൽ ശുശ്രുഷക്കാരായി. പതിനയ്യായിരത്തിലധികം വിശ്വാസികൾ സംയുക്ത സഭായോഗത്തിലും തിരുവത്താഴത്തിലും പങ്കാളികളായി. പാസ്റ്റർ ജോബിൻ എലീശയുടെ നേതൃത്വത്തിൽ അസംബ്ലീസ് ഓഫ് ഗോഡ് കൺവെൻഷൻ ക്വയർ സംഗീതാരാധനയ്ക്ക് നേതൃത്വം നല്കി.
