വാളകം : ജീവിതത്തിന്റെ പരമമായ ലക്ഷ്യങ്ങളുടെയും സ്വപ്നങ്ങളുടെയും ഗതി തെറ്റിക്കുന്ന ലഹരിമരുന്നുകളിൽ നിന്നു രക്ഷപ്പെടാനുള്ള ശക്തമായ ആയുധം സ്വയം പ്രതിരോധമാണെന്നും സ്വച്ഛജീവിതത്തിന്റെ സാദ്ധ്യതകൾ മങ്ങി അന്ധകാരത്തിലേക്ക് പതിക്കുന്ന യുവത്വത്തെ നേരായ പാതയിൽ നയിക്കുവാൻ സർക്കാർ ഏജൻസികളോടൊപ്പം സാമൂഹ്യ സംഘടനകൾക്കും ബാധ്യതയുണ്ടെന്നും വൈഎംസിഎ മുൻ അഖിലേന്ത്യാ നിർവാഹക സമിതി അംഗം
കെ.ഒ.രാജുക്കുട്ടി. വൈഎംസിഎ പുനലൂർ സബ് റീജണിന്റെ ആഭിമുഖ്യത്തിൽ വാളകം മാർത്തോമ്മാ ഡി -അഡിക്ഷൻ സെൻ്റർ ആശ്വാസുമായി സഹകരിച്ച് മേഖലയിലെ വിവിധ കലാലയങ്ങളിൽ ‘അരുത് ലഹരി’ എന്ന പേരിൽ നടപ്പാക്കുന്ന ലഹരിവിരുദ്ധ ക്യാംപെയ്ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിരട്ടക്കോണം മാർ ബസേലിയോസ് ഓഷ്യൻ സ്റ്റാർ പബ്ലിക് സ്കൂളിൽ നടന്ന സമ്മേളനത്തിൽ
സബ് റീജിയൻ ചെയർമാൻ ഡോ.ഏബ്രഹാം മാത്യു അധ്യക്ഷത വഹിച്ചു.
വാളകം ആശ്വാസ് ഡയറക്ടർ റവ.ജിനു ഏബ്രഹാം വിഷയാവതരണം നടത്തി. സിസ്റ്റർ.ആൻസി ജോസഫ് ലഹരി വിരുദ്ധ സന്ദേശം നൽകി.ജനറൽ കൺവീനർ ഷിബു കെ ജോർജ്, മുൻ വൈസ് ചെയർമാൻ മാത്യു വർഗീസ്, തലച്ചിറ വൈഎംസി പ്രസിഡന്റ് പി.ഒ. ജോൺ, ജിയോ തലച്ചിറ,എൻ.എ. ജോർജുകുട്ടി,സാനു ജോർജ് എന്നിവർ പ്രസംഗിച്ചു
