ന്യൂഡൽഹി: പാർലമെന്‍റ് സമ്മേളനത്തിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിക്കണമെന്നും കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
മണിപ്പൂരിന്‍റെ വേദന രാജ്യത്തിന്‍റെ വേദനയാണ്. മുന്നൂറിലധികം ആളുകൾ കൊല്ലപ്പെടുകയും അറുപതിനായിരത്തിലധികം ആളുകൾ പലായനം ചെയ്യുകയും ചെയ്തു. ഇരട്ട എൻജിൻ സർക്കാറിന്‍റെ സമ്പൂർണ പരാജയത്തിന്‍റെ കഥയാണ് മണിരപ്പൂരെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
“2023 മെയ് മൂന്ന് മുതൽ മണിപ്പൂർ കത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ പ്രധാനമന്ത്രി മോദി ലോകത്തിലെ വിവിധ രാജ്യങ്ങൾ സന്ദർശിച്ചു. പ്രസംഗങ്ങൾ നടത്തി, പക്ഷേ മണിപ്പൂർ സന്ദർശിക്കാൻ സമയം കണ്ടെത്തിയില്ല. അതിനാൽ, പാർലമെന്‍റ് സമ്മേളനത്തിന് മുമ്പ് പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാനും രാഷ്ട്രീയ പാർട്ടികൾ, രാഷ്ട്രീയക്കാർ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ, ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ എന്നിവരെ കാണാനും സമയം കണ്ടെത്തണമെന്നതാണ് കോൺഗ്രസിന്റെ ആവശ്യം” -ജയറാം രമേശ് പറഞ്ഞു.
