പുത്തൻ പ്രതീക്ഷയേകി മധുര-ബോഡിനായ്ക്കന്നൂർ റയിൽപാത
ഇടുക്കി: ജില്ലയിലെ വ്യാപാരമേഖലയ്ക്ക് പുത്തൻ പ്രതീക്ഷയേകുകയാണ് മധുര-ബോഡിനായ്ക്കന്നൂർ റെയിൽപാതയുടെ തേനി വരെയുള്ള റെയിൽപാത. ഇതിന്റെ നിർമാണം പൂർത്തിയാക്കി.
ഇടുക്കിയിൽ ഉത്പാദിപ്പിക്കുന്ന ഏലയ്ക്ക ഉൾപ്പെടെയുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ ചരക്കുനീക്കം സുഗമമാകുമെന്നതാണ് റെയിൽപാതയുടെ പ്രധാന നേട്ടം. കൂടാതെ തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേയ്ക്കുള്ള ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും വർദ്ധിപ്പിക്കാൻ സാധ്യതയേറെയാണ്. 92 കിലോമീറ്ററോളം വരുന്ന മീറ്റർ ഗെയ്ജ് റെയിൽപാത ബ്രോഡ് ഗേജ് ആക്കി മാറ്റുന്നതിനുള്ള പദ്ധതി 10 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചിരുന്നു.
ഇതിനായി 350 കോടി രൂപയും അനുവദിച്ചിരുന്നു. പദ്ധതിയുടെ പ്രാരംഭഘട്ടമെന്ന നിലയിൽ മധുരയിൽ നിന്ന് ഉസലാംപെട്ടി വരെയുള്ള 37 കിലോമീറ്റർ പാത നിർമാണം പൂർത്തീകരിച്ചു. രണ്ടാം ഘട്ടമായി ഉസലാംപെട്ടി മുതൽ ആണ്ടിപ്പെട്ടി വരെ 21 കിലോമീറ്റർ ദൂരം കഴിഞ്ഞ ഡിസംബറിലാണ് പൂർത്തിയാക്കിയത്.
തുടർന്ന് ആണ്ടിപ്പെട്ടി മുതൽ തേനി വരെയുള്ള ദൂരം ഫെബ്രുവരി അവസാനത്തോടെ പൂർത്തീകരിക്കുകയായിരുന്നു.ട്രയൽ റണ്ണിന്റ ഭാഗമായി തേനിയിലെത്തിച്ച എൻജിന് നാട്ടുകാരും വ്യാപാരികളും ചേർന്ന് സ്വീകരണം നൽകി
