ലോകത്തിലേ ഏറ്റവും വലിയ ക്രിസ്തീയ സഭയുടെ സ്ഥാപകനാണ് പോൾ യോംഗി ചോ. 1936 ൽ ദക്ഷിണ കൊറിയയിലെ ഉൾസൺ ഗ്രാമത്തിൽ ജനിച്ചു. അത് ജപ്പാൻ – കൊറിയ യുദ്ധകാലമായിരുന്നു. ബുദ്ധമത ഭക്തനായിരുന്ന ചോ കഠിനമായ ദാരിദ്ര്യത്തിൽ നിന്ന് കരകയറുവാൻ പല ജോലികളും ചെയ്തു. പതിനേഴാം വയസ്സിൽ ജോലി ചെയ്ത് തളർന്ന ഒരു സന്ദർഭത്തിൽ രക്തം ഛർദിച്ചു. ആശുപത്രി കിടക്കയിൽ
ഡോക്ടർ പറഞ്ഞു: ചോ, നിങ്ങൾക്ക് ഒരിക്കലും ഭേദമാകാത്ത ക്ഷയരോഗമാണ്. നാലുമാസത്തിനുള്ളിൽ മരിക്കും.
ചോ അറിയാവുന്ന ദൈവങ്ങളോട് കരഞ്ഞു പ്രാർത്ഥിച്ചു. ഒരുമറുപടിയും ലഭിച്ചില്ല. ഒടുവിൽ ഇങ്ങനെ നിലവിളിച്ചു: ജീവനുള്ള ഒരു ദൈവമുണ്ടെങ്കിൽ ആ ദൈവം തന്നെ സൗഖ്യമാക്കട്ടെ! ആ പ്രാർത്ഥന യേശു കർത്താവ് കേട്ടു. ഒരു സ്കൂൾ പെൺകുട്ടി ചോയെ സന്ദർശിച്ച് തുടങ്ങി. അവൾ സുവിശേഷം പറഞ്ഞു. എന്നാൽ യേശുവിന്റെ വചനം അസംബന്ധമാണെന്നും വിശ്വസിക്കുവാൻ കൊള്ളാത്തതാണെന്നും ചോയ്ക്ക് തോന്നി. ഒരു ദിവസം പെൺകുട്ടിയോട് അയാൾ കയർത്തു – മുറി വിട്ടിറങ്ങി പോകുവാൻ പറഞ്ഞു. എന്നാൽ അവൾ അവിടെ നിന്നു കൊണ്ട് ചോയുടെ സൗഖ്യത്തിനായി യേശുവിനോട് അപേക്ഷിച്ചു. കണ്ണീരോടെ പ്രാർത്ഥിച്ചു. ആ പ്രാർത്ഥനയിൽ ദൈവസ്നേഹം എന്തെന്ന് ചോ തിരിച്ചറിഞ്ഞു. മറ്റ് വിശ്വാസങ്ങളിലും മതങ്ങളിലും ഇല്ലാത്ത ഒരു ദൈവസ്നേഹം ദർശിച്ചു.
ചോ യേശുവിനെ രക്ഷിതാവായി സ്വീകരിച്ചു. അവൾ നൽകിയ ബൈബിൾ വായിക്കാൻ തുടങ്ങി. യേശുവിന്റെ ശക്തി ചോയുടെ ശരീരത്തിൽ വ്യാപരിച്ചു. നാല് മാസത്തിനുള്ളിൽ മരിക്കുമെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ സ്ഥാനത്ത് ആറു മാസത്തിനുള്ളിൽ മരണക്കിടയിൽ നിന്നെഴുന്നേറ്റു.
ഒരു ദിവസം പ്രാർത്ഥന സമയത്ത് വലിയ വെളിച്ചത്തിൽ യേശു ചോയുടെ മുമ്പിൽ പ്രത്യക്ഷനായി. പരിശുദ്ധാത്മാവിന്റെ അഭിഷേകം അയാൾക്ക് ലഭിച്ചു. അന്നുതന്നെ ദൈവവേലയ്ക്കായി ചോ സമർപ്പിച്ചു. അസംബ്ലീസ് ഓഫ് ഗോഡിന്റെ ബൈബിൾ സ്കൂളിൽ നിന്ന് 1958 ൽ പഠനം പൂർത്തിയാക്കി. ആദ്യത്തെ സഭാ പ്രവർത്തനം അമേരിക്കൻ സൈന്യം ഉപേക്ഷിച്ച ഒരു കൂടാരത്തിൽ തുടങ്ങി. അഞ്ചു പേർ മാത്രം ഉണ്ടായിരുന്ന സഭയിൽ നിന്നുകൊണ്ട് പാസ്റ്റർ പോൾ യോംഗി ചോ അസാധാരണമായ വലിയ ദർശനങ്ങൾ കാണുവാൻ തുടങ്ങി. ശുശ്രൂഷയ്ക്ക് വേണ്ടി ഉപയോഗിക്കുവാൻ ഒരു മേശയും കസേരയും സൈക്കിളും അയാൾക്ക് ആവശ്യമായിരുന്നു. അതിനായി ആറു മാസം മുടങ്ങാതെ പ്രാർത്ഥിച്ചു. മറുപടി ലഭിക്കാതെ വന്നപ്പോൾ ദൈവാലോചന പ്രകാരം ആവശ്യമുള്ള സാധനങ്ങളുടെ പ്രത്യേകതകൾ ഉരുവിട്ടുകൊണ്ട് പ്രാർത്ഥിക്കുവാൻ ആരംഭിച്ചു: ഫിലിപ്പിയൻസ് മഹാഗണിയുടെ മേശയും ഇരുമ്പ് ചട്ടമുള്ള കസേരയും അമേരിക്കൻ നിർമ്മിതമായ സൈക്കിളും! ഒരിക്കൽ
അതിനെക്കുറിച്ച് പാസ്റ്റർ ചോ ഇപ്രകാരമാണ് പറഞ്ഞത്: ഈ മൂന്ന് കാര്യങ്ങൾ എന്റെ ഉള്ളിൽ വിശ്വാസത്താൽ നിറയുകയും ഇവ ഞാൻ ഗർഭം ധരിക്കുകയും ചെയ്തു; എന്നെ എല്ലാവരും ഗർഭം ധരിച്ച പാസ്റ്റർ എന്ന് വിളിക്കാൻ തുടങ്ങി.
ഒടുവിൽ മൂന്ന് കാര്യങ്ങളും അയാൾക്ക് ദൈവം നൽകി. അതിനു ശേഷം ഈ പ്രാർത്ഥന തത്വം പോൾ യോംഗി ചോ ശുശ്രുഷയിൽ ഉടനീളം പ്രാവർത്തികമാക്കുവാൻ ശ്രദ്ധിച്ചു. സഭ വളർച്ചയും ഇപ്രകാരം നടക്കുമെന്ന് പോൾ യോംഗി ചോ വിശ്വസിച്ചു. അങ്ങനെ സഭ വളരാൻ തുടങ്ങി 1961ൽ 600 പേർ സഭയിൽ അംഗങ്ങളായി. 1964ൽ 3000 പേരായി. എന്നാൽ ആ വർഷം പാസ്റ്റർ പോൾ യോംഗി ചോ ഹൃദയരോഗിയായി. കിടപ്പിലായി. അടുത്ത പത്ത് വർഷത്തേക്ക് ഈ രോഗവസ്ഥ പൂർണമായും സൗഖ്യമാകില്ലെന്ന് ദൈവം ചോയോട് പറഞ്ഞു. തന്റെ രോഗാവസ്ഥയിലും ചോ ദൈവത്തോട് കൂടുതൽ അടുത്തു. അനേകം പുസ്തകങ്ങൾ എഴുതി. ഇതിനിടയിൽ അതുവരെ ചെയ്ത ശുശ്രൂഷകൾ വിഭജിച്ച് നൽകുവാൻ ദൈവം ചോയോട് കല്പിച്ചു. വീടുകളിൽ സെൽ മീറ്റിങ്ങുകൾ ആരംഭിച്ചു.
ആദ്യം 20 ഗ്രൂപ്പുകളായി. പിന്നീട് 150 ഗ്രൂപ്പുകൾ. സഹോദരിമാർക്കായിരുന്നു ഈ സെല്ലുകളുടെ ചുമതല.
1973 ൽ യോയിഡ ദ്വീപിൽ സഭ സ്ഥാപിക്കുവാൻ ദൈവം കൃപ ചെയ്തു. ഈ സഭയിൽ 11,000 പേർ വന്നു കൂടി. 1980 ആയപ്പോഴേക്കും 1,50,000 പേരായി. വീടുകളിൽ തുടങ്ങിയിരുന്ന സെൽ മീറ്റിംങ്ങുകൾ 10000 എണ്ണമായി. സഭ അംഗങ്ങളുടെ കണക്കെടുക്കുന്നതിൽ താല്പര്യമില്ലാതിരുന്ന പാസ്റ്റർ പോൾ യോംഗി ചോയുടെ സഭയിൽ ഇന്ന് ഏഴ് ലക്ഷത്തി അമ്പതിനായിരത്തിലധികം ആളുകൾ ആരാധിക്കുന്നു. മാറ്റം ആഗ്രഹിക്കാത്ത ഡീക്കന്മാരും മത്സരബുദ്ധികളായ നേതാക്കന്മാരും പാസ്റ്റർ പോൾ യോംഗി ചോയെ പാരമ്പര്യത്തിന്റെ ചട്ടക്കൂടിൽ അടച്ചിടുവാൻ പല തവണ ശ്രമിച്ചു. എന്നാൽ അവിടെയെല്ലാം വിശ്വാസം ഗർഭം ധരിച്ച പാസ്റ്റർ പോൾ യോംഗി ചോ ദൈവത്തെ മാത്രം അനുസരിച്ചു.
ചർച്ച് ഗ്രോത്ത് ഇന്റർനാഷണൽ എന്ന സംഘടനയിലൂടെ സഭാ വളർച്ചയുടെ പാഠങ്ങൾ ചോ ലോകമെമ്പാടുമുള്ള ദൈവദാസന്മാരെ പഠിപ്പിച്ചു. ആ ദൈവ മനുഷ്യന്റെ ആശ്രയം ദൈവത്തിൽ ആയിരുന്നു. അതിനാൽ ജീവിതത്തിൽ താൻ പ്രാർത്ഥനയ്ക്ക് മുൻഗണന കൊടുത്തിരുന്നു. ഒരു ദിവസം കുറഞ്ഞത് അഞ്ചു മണിക്കൂർ ചോ പ്രാർത്ഥിക്കുമായിരുന്നു. സഭയിലെ ശുശ്രൂഷകർ കുറഞ്ഞത് മൂന്നു മണിക്കൂറെങ്കിലും പ്രാർത്ഥിക്കണമെന്ന് അയാൾ ആഹ്വാനം ചെയ്തു. വിശ്വാസികൾക്ക് 24 മണിക്കൂറും പ്രാർത്ഥിക്കുന്നതിനായി പ്രയർ മൗണ്ടൻ പോൾ യോംഗി ചോ സ്ഥാപിച്ചിരുന്നു. പ്രാർത്ഥനയിൽ ദൈവത്തോടൊപ്പം സമയങ്ങൾ ചിലവഴിക്കുകയും
ദൈവത്തെ അനുസരിക്കുകയും ചെയ്ത പാസ്റ്റർ പോൾ യോംഗി ചോയെ ദൈവം ലോകരാജ്യങ്ങളിൽ ശക്തമായി ഉപയോഗിച്ചു. ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തീയ ആരാധനാലയം പണിയുവാനും ഏറ്റവും കൂടുതൽ വിശ്വാസികളുള്ള സഭയുടെ ഇടയനാകുവാനും ദൈവം പ്രാപ്തനാക്കി. സഭയിലെ പ്രസംഗവും സഭയിലെ ഓഫീസ് ജോലികളും മാറ്റിയാലും സഭ തുടരും. എന്നാൽ പ്രാർത്ഥന മാറ്റിയാൽ സഭയ്ക്ക് ഭാവിയില്ല എന്നു പഠിപ്പിച്ച അദ്ദേഹം 2021 സെപ്റ്റംബർ 14 ന് വേല തികച്ചു ഇടയശ്രേഷ്ഠന്റെ അടുക്കലേക്ക് ചേർക്കപെട്ടു.
