സിലിഗുരി: ബംഗാൾ സഫാരി പാർക്കിലെ വിവാദ സിംഹങ്ങൾക്ക് ഇനി പുതിയ പേരുകൾ.
അക്ബർ സൂരജും സീത തനായയുമാകും. പശ്ചിമ ബംഗാൾ സൂ അതോറിറ്റിയുടെതാണ് നിർദേശം.
അക്ബർ, സീത എന്നീ സിംഹങ്ങളെ ഒരുമിച്ച് താമസിപ്പിക്കുന്നത് ഹിന്ദുമതത്തെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ച് വിശ്വ ഹിന്ദു പരിഷത് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കോടതിയെ സമീപിച്ചിരുന്നു.ഹർജി പരിഗണിച്ച കൊൽക്കത്ത ഹൈക്കോടതി മതേതര രാജ്യത്ത് സിംഹങ്ങൾക്ക് അക്ബർ- സീത എന്നീ പേരുകൾ നൽകി വിവാദം ഉണ്ടാക്കുന്നതെന്തിനെന്ന് ചോദിച്ചിരുന്നു.
സീതയെന്നത് ഒരു വിഭാഗം വിശ്വാസികൾ ആരാധിക്കുന്ന ദൈവിക പ്രതിരൂപമാണെന്നും അക്ബർ പ്രഗത്ഭനായ മുകൾ ചക്രവർത്തിയാണെന്നും ജസ്റ്റിസ് സൗഗത ഭട്ടാചാര്യ ചൂണ്ടിക്കാട്ടിയിരുന്നു. ഒപ്പം സിംഹങ്ങളുടെ പെരുമാറ്റുന്നതിന് പശ്ചിമ ബംഗാൾ സർക്കാരിന് വാക്കാലുള്ള നിർദേശവും നൽകി. ഇതിന്റെ ഭാഗമായാണ് ബംഗാൾ സർക്കാർ പുതിയ പേരുകൾ കേന്ദ്ര മൃഗശാല അതോറിറ്റിക്ക് കൈമാറിയത്. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ ഇതേകുറിച്ച് കൂടുതൽ പ്രതികരിക്കാൻ ബംഗാൾ സഫാരി പാർക്ക് അധികൃതർ വിസമ്മതിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരി പന്ത്രണ്ടിനായിരുന്നു ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽനിന്ന് ഏഴും ആറും വയസുള്ള സിംഹങ്ങളെ ബംഗാളിലെത്തിച്ചത്. പേരും ഒരുമിച്ച് പാർപ്പിച്ചതും വിവാദമായതിന് പിന്നാലെ സിംഹങ്ങൾക്ക് പേര് നൽകിയത് തങ്ങളല്ലെന്നും ത്രിപുര സർക്കാരാണെന്നും വാദിച്ച് ബംഗാൾ സർക്കാർ കയ്യൊഴിഞ്ഞിരുന്നു. തുടർന്ന് ത്രിപുര പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പ്രബിൻ ലാൽ അഗർവാളിനെ സസ്‌പെൻഡ് ചെയ്തു.
സിംഹങ്ങളുടെ
പുതിയ പേരുകൾ സെൻട്രൽ സൂ അതോറിറ്റി അംഗീകരിക്കുകയാണങ്കിൽ റെക്കോർഡുകളിൽ അവ തിരുത്തും. ഭാവിയിൽ അക്ബർ- സീത സിംഹങ്ങൾക്ക് കുട്ടികൾ ഉണ്ടാകുകയാണെങ്കിൽ മാതാപിതാക്കളായി സൂരജ്- തനായ എന്ന പേരാകും നൽകുന്നത്
